നാഗർകോവിൽ വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയത്തിൽ തിരുനാൾ
1436970
Thursday, July 18, 2024 3:22 AM IST
തിരുവനന്തപുരം: നാഗർകോവിൽ അൽഫോൻസാ തീർഥാടന ദേവാലയത്തിൽ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. "സഞ്ചാരികളുടെ പറുദീസ' എന്നു വിളിക്കപ്പെടുന്ന തീർഥാടന കേന്ദ്രം തമിഴ്നാട്ടിലെ ആയിരക്കണക്കിനു ജനങ്ങളുടെ അനുഗ്രഹത്തിന്റെ ഉറവിടമാണ്. തക്കല രൂപതയിൽപ്പെട്ട ഈ ഇടവക, തമിഴ്നാട്ടിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ 1989ൽ പണികഴിപ്പിക്കപ്പെട്ട പ്രഥമ ദേവാലയമാണ്.
തിരുനാളിന്റെ ഭാഗമായി വിവിധ സഭാതലവന്മാർ പല ദിവസങ്ങളായി ഈ തീർഥാടന കേന്ദ്രം സന്ദർശിച്ച് വിശുദ്ധ ബലിയർപ്പിച്ച് പ്രാർഥന നടത്തും.
19 മുതൽ 28 വരെയാണ് തിരുനാൾ. 19 വൈകുന്നേരം ആറിനു തക്കല രൂപത വികാരിജനറൽ ഫാ. തോമസ് പൗവ്വത്തുപറമ്പിൽ കൊടിയേറ്റും. തുടർന്ന് അൽഫോൻസാമ്മയുടെ പ്രത്യേക നവനാളും സമൂഹ ബലിയും ഉണ്ടായിരിക്കും.
20നു രാവിലെ മുതൽ കന്യാകുമാരി ജില്ലയുടെ പല ഭാഗങ്ങളിൽനിന്നു യുവജനങ്ങളുടെ നേതൃത്വത്തിൽ വിശ്വാസികൾ പാദയാത്രയായി വിശുദ്ധയുടെ സന്നിധിയിലെത്തും. 26ന് അൽഫോൻസാ സ്കൂളിലെ വിദ്യാർഥികൾക്കുവേണ്ടി വിശുദ്ധ കുർബാനയും നവനാളും തുടർന്നു വിദ്യാർഥികളുടെ കലാപരിപാടികളും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. വൈകുന്നേരം ആറി ന് നവനാൾ. തുടർന്ന് കുഴിത്തുറ രൂപതാധ്യക്ഷൻ റവ. ഡോ. ആൽബർട്ട് അനസ്താസ് വിശുദ്ധ കുർബാന അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും.
28നു രാവിലെ ഒന്പതിന് തക്കല രൂപതാ വികാരി ജനറൽ ഫാ. തോമസ് പൗവ്വത്തുപറമ്പിലിന്റെ നേതൃത്വത്തിൽ നവനാൾ. തുടർന്ന് 9.30ന് തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി. തക്കല രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും കന്യാകുമാരി, തിരുനെൽവേലി, വിരുതുനഗർ, മധുര, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള ഭക്തജനങ്ങൾ പങ്കെടുക്കും. തുടർന്ന് 12.30ന് അൽഫോൻസമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും നേർച്ച വിരുന്നും ഉണ്ടാകും. വൈകുന്നേരം 3.30ന് തക്കല രൂപതയിലെ നവ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധബലി.
വൈകുന്നേരം ആറിനു കൊടിയിറങ്ങുന്നതോടെ തിരുനാൾ സമാപിക്കും. തിരുനാൾ ക്രമീകരണങ്ങൾ പൂർത്തിയായെന്നു തീർഥാടന കേന്ദ്രം റെക്ടർ റവ. ഫാ. സനിൽ പന്തിച്ചിറയ്ക്കൽ അറിയിച്ചു. 26നുള്ള നേർച്ചയ്ക്കും 28നുള്ള ഭക്ഷണ നേർച്ചയ്ക്കുമുള്ള ക്രമീകരണങ്ങളും പൂർത്തിയായി.
തിരുനാളിനുള്ള മറ്റു ക്രമീകരണങ്ങൾ ഇടവക വികാരി ഫാ.സനിൽ പന്തിച്ചിറയ്ക്കൽ, അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ജോസഫ് തേനമ്മാക്കൽ, തിരുനാൾ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ തറപ്പേലിൽ, കൈക്കാരന്മാരായ ജോമോൻ ജോസഫ് ഏർത്തുമലയിൽ, ജോ ഫെലിക്സ് മലയിൽ, ജോർജ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.