പ്രഥമ ശുശ്രൂഷ പരിശീലനം നൽകി
1224397
Sunday, September 25, 2022 12:02 AM IST
നിലന്പൂർ: ഐഎംഎ നിലന്പൂരും നിലന്പൂർ റോട്ടറി ക്ലബും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡും ചേർന്ന് പ്രഥമ ശുശ്രൂഷ പരിശീലനം നൽകി. നിലന്പൂർ താലൂക്കിലെ ഒന്പത്, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കു അടിയന്തര ഘട്ടങ്ങളിൽ നൽകാനുള്ള ജീവൻരക്ഷാ പ്രവർത്തനങ്ങളിലാണ് പരിശീലനം നൽകുന്നത്. താലൂക്കിലെ എല്ലാ സ്കൂളുകളിലെയും ഒന്പത്, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കു പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി വിദ്യാർഥികളിലേക്ക് എത്തിക്കുക സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളാണ്. നിലന്പൂർ റോട്ടറി ക്ലബിന്റെ ഈ വർഷത്തെ പ്രധാന പ്രൊജക്ടായാണ് പദ്ധതി നടപ്പാക്കുന്നത്.
നിലന്പൂർ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ്് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. നിലന്പൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ഷിബു മാർട്ടിൻ ജോണ് അധ്യക്ഷത വഹിച്ചു.
നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം മുഖ്യസന്ദേശം നൽകി. ഐഎംഎ നിലന്പൂർ യൂണിറ്റ് പ്രസിഡന്റ് ഡോ. ജലാൽ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ബി. ജോഷി, എഇഒ അബ്ദുൾ റസാക്, ഫാ. ബിജു തുരുത്തേൽ, യു. നരേന്ദ്രൻ, സന്ധ്യബാലൻ, ഡോ. സി.എം. ഗോപിനാഥൻ, വിനോദ് പി. മേനോൻ, ഡോ. ഷിജിൻ പാലാടൻ തുടങ്ങിയവർ പ്രസംഗിച്ചു.