ഇഞ്ചോടിഞ്ച് മത്സരത്തിൽ കൊണ്ടോട്ടി, മലപ്പുറം ഉപജില്ലകൾ മുന്നിൽ
1244660
Thursday, December 1, 2022 12:25 AM IST
തിരൂർ: കൗമാര കലോത്സവത്തിന്റെ വസന്തം വിതറി ജില്ലാ സ്കൂൾ കലാമേള അരങ്ങു തകർക്കുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടതൽ മത്സരാർഥികൾ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
രാത്രി പത്തു വരെ പുറത്തുവിട്ട മത്സര ഫലങ്ങളിൽ 445 പോയിന്റുകളുമായി കൊണ്ടോട്ടി, മലപ്പുറം ഉപജില്ലകൾ മുന്നിൽ നിൽക്കുന്നു. വേങ്ങര-437, മങ്കട-436, കുറ്റിപ്പുറം - 433 പോയിന്റുകൾ നേടി തൊട്ടുപിന്നാലെയുണ്ട്. കടുത്ത മത്സരം നടക്കുന്നതിനാൽ ഉപജില്ലാ ലീഡ് നില പെട്ടെന്ന് മാറിമറയുന്ന സ്ഥിതിയാണ്. ഏറ്റവും കൂടുതൽ പോയിന്റ് നേടി (129) മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് സ്കൂൾ മുന്നേറ്റം തുടരുകയാണ്. തൊട്ടുപിന്നാലെ 127 പോയിന്റുമായി സിഎച്ച്എംഎച്ച്എസ് പൂക്കളത്തൂരും നിലയുറപ്പിച്ചു.
അഞ്ചു ദിനങ്ങളിലായി തിരൂരിൽ നടക്കുന്ന കലാമേളയിൽ 11,000 ത്തോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഒപ്പനയും ഭരതനാട്യവും കോൽക്കളിയുമായി വേദികളെല്ലാം രാത്രിയിലും സജീവമാണ്.
കലോത്സവത്തിൽ മംഗല്യ ഈരടികൾ തീർത്ത വേദി അഞ്ചിലെ യുപി വിഭാഗത്തിന്റെ ഒപ്പന മത്സരം കാണാൻ കാണികൾ തടിച്ചുകൂടി. ബോയ്സ് സ്കൂളിലെ വേദി ഒന്നിൽ രാവിലെ ആരംഭിച്ച ഭരതനാട്യ മത്സരം രാത്രി ഏറെ വൈകിയും തുടർന്നു. വേദി രണ്ടിൽ കോൽക്കളി മത്സരങ്ങൾക്കു ശേഷം ഇംഗ്ലീഷ് സ്കിറ്റ് മത്സരം അരങ്ങേറി. വേദി എട്ട് ബിപി അങ്ങാടി ഗേൾസ്
സ്കൂൾ സ്റ്റേജിൽ ഓട്ടൻതുള്ളൽ മത്സരവും വേദി നാല് എൻഎസ്എസ് സ്കൂൾ ഗ്രൗണ്ടിൽ നാടക മത്സരവും ഏറെ വൈകിയും തുടർന്നു.
ആവേശം ചോരാതെ മത്സര ഫലം കാതോർത്തിരിക്കുകയാണ് ഓരോ സ്കൂളുകളും. ഉപജില്ലാ ലീഡ് മാറിമറയുന്നതിനാൽ ആരു കപ്പടിക്കുമെന്നത് പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.