മോഷണം നടന്നു രണ്ടു ദിവസത്തിനുള്ളിൽ പ്രതി പിടിയിൽ
1260949
Sunday, January 22, 2023 12:36 AM IST
പെരിന്തൽമണ്ണ: മോഷണം നടന്നു രണ്ടു ദിവസത്തിനുള്ളിൽ പ്രതി പിടിയിലായി. വയനാട് മേപ്പാടി ഒറ്റത്തെങ്ങിൽ ബാബു ജോസഫി(48)നെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
താഴെക്കൊട് വട്ടപ്പറന്പിലെ ഒരു വീട്ടിൽ നിന്നു രാത്രി ജനലിലൂടെ പരാതിക്കാരന്റെ ഭാര്യയുടെ പാദസരംകവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസന്വേഷിച്ച പോലീസ് സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചതോടെ ഇയാളെക്കുറിച്ചു സൂചന ലഭിച്ചു.
തുടർന്നു വയനാട് മേപ്പാടിയിൽ നിന്നു പെരിന്തൽമണ്ണ സിഐസി അലവിയുടെ നിർദേശ പ്രകാരം എസ്ഐ എ.എം യാസിറും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനു കരിങ്കല്ലത്തണിയിലെ ഒരു വീട്ടിൽ നിന്നു രാത്രി ഇതേ രീതിയിൽ ആറു പവൻ സ്വർണം ഇയാൾ മോഷ്ടിച്ചിരുന്നു. തുടർന്നു സ്വർണം വിൽപ്പന നടത്തിയ പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ നിന്നു അവ കണ്ടെടുത്തു.
ബാബു ജോസഫിനെതിരേ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പത്തിലധികം കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ എസ്ഐ അലി, എസ്സിപിഒമാരായ കെ.എസ്. ഉല്ലാസ്, നജീബ്, സക്കീർ ഹുസൈൻ, ജയേഷ്, മിഥുൻ, സിപിഒമാരായ ഷക്കീൽ, സുരേഷ് എന്നിവരുമുണ്ടായിരുന്നു.