ആകാശ സഞ്ചാരം സാധ്യമാക്കി ഹരിത കർമ സേനാംഗങ്ങൾ
1262298
Thursday, January 26, 2023 12:16 AM IST
മഞ്ചേരി: മഞ്ചേരി നഗരത്തിൽ സേവനം ചെയ്യുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെയും സുമനസുകളുടെയും സഹായത്തിൽ ആഗ്രഹ സഫലീകരണം. മഞ്ചേരിയിലെ നാല്പതോളം ഹരിത സേനാംഗങ്ങളും കുടുംബശ്രീ സിഡിഎസ് പ്രവർത്തകരുമാണ് വിമാന യാത്രയെന്ന ആഗ്രഹം സഫലീകരിച്ചത്.
തുച്ഛമായ വരുമാനത്തിൽ നഗരസഭയിലെ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിത കർമസേന അംഗങ്ങൾക്ക് വിമാന യാത്രയെന്നതു ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു യാത്ര തരപ്പെട്ടത്.
മഞ്ചേരിയിൽ നിന്നു നെടുന്പാശേരിയിലേക്കും അവിടെ നിന്നു ബംഗളുരൂവിലേക്ക് വിമാനത്തിലുമാണ് യാത്ര നടത്തിയത്. ബംഗളുരൂ, മൈസൂരു എന്നിവിടങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും അംഗങ്ങൾ സന്ദർശനം നടത്തി. നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ സുമനസുകളുടെ പ്രേരണയോടെയും സഹായത്തോടെയുമാണ് യാത്ര സംഘടിപ്പിച്ചത്.
യാത്രക്കാവശ്യമായ മുഴുവൻ തുകയും സ്പോണ്‍സർഷിപ്പിലൂടെയാണ് സമാഹരിച്ചത്. കുട്ടിക്കാലം മുതൽ വിമാനയാത്ര എന്നത് പലർക്കും ഒരു മോഹമായിരുന്നുവെന്നും ഈ ആഗ്രഹം സഫലീകരിച്ച് നൽകാനായതിൽ സന്തോഷമുണ്ടെന്നും സിഡിഎസ് ചെയർപേഴ്സണ്‍മാരായ റസീന, ഷറഫുന്നീസ എന്നിവർ പറഞ്ഞു.
45 പേരടങ്ങിയ യാത്രക്ക് മൂന്നു ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൾഖാദർ, ഹരിത കർമ സേന കോ-ഓർഡിനേറ്റർ സുഭാഷ്, തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.