ന്യൂനപക്ഷ ക്ഷേമവകുപ്പിനെ ഇടതുസർക്കാർ ഞെക്കിക്കൊന്നു: നജീബ് കാന്തപുരം
1264386
Friday, February 3, 2023 12:11 AM IST
പെരിന്തൽമണ്ണ: ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ ഇടതുസർക്കാർ ഞെക്കിക്കൊന്നുവെന്നും സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരോട് പ്രതികാര നടപടിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗം വാക്കുകളുടെ വിരുത് മാത്രമാണ്. യുഡിഎഫ് ഭരണകാലത്ത് കൊണ്ടു വന്ന ഭവനപദ്ധതിയും, സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പും, എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പും, മദർ തെരേസ സ്കോളർഷിപ്പ് തുടങ്ങി സ്കോളർഷിപ്പുകളെല്ലാം അട്ടിമറിച്ചത് ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ്.
കേരളത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് യൂത്ത് ലീഗ് സമരം നടത്തിയത്.
ഈ സമരത്തെയാണ് ചോരയിൽ മുക്കിയത്. മുസ്ലിം ലീഗ് പ്രവർത്തകരെയും യൂത്ത് ലീഗ് പ്രവർത്തകരെയും യുഡിഎഫ് പ്രവർത്തകരെയും നിശബ്ദമാക്കാമെന്ന് ഇടതു സർക്കാർ കരുതരുതെന്നും നജീബ് കാന്തപുരം പറഞ്ഞു.