മലയോരത്ത് വീണ്ടും പുലി ആക്രമണം; ഭീതിയോടെ പ്രദേശവാസികൾ
1264654
Saturday, February 4, 2023 12:03 AM IST
കരുവാരകുണ്ട്: ഒരിടവേളക്കു ശേഷം മലയോര മേഖലയിൽ വീണ്ടും വന്യജീവിയുടെ ആക്രമണം. കേരള എസ്റ്റേറ്റ് പാന്തറയിലെ പാലത്തുമുറി പറന്പിൽ സുധാകരന്റെ രണ്ടു ആടുകളെയാണ് കഴിഞ്ഞ ദിവസം പുലി വകവരുത്തിയത്.
പാന്തറയിൽ ജനവാസ കേന്ദ്രത്തിൽ പുലിയും കുട്ടികളും എത്തിയാണ് ആടുകളെ ഭക്ഷണമാക്കിയത്. ഒരാടിനെ കൊന്ന് ഭക്ഷിക്കുകയും രണ്ടാമത്തേതിനെ പിടികൂടുകയും ചെയ്തപ്പോഴാണ് നാട്ടുകാർ പുലിയെയും കുട്ടികളെയും കണ്ടത്. നാട്ടുകാർ ബഹളംവച്ചതോടെ ഇവ ഓടി മറയുകയായിരുന്നു.
സുധാകരൻ പതിവുപോലെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ ആടുകളെ മേയ്ക്കാൻ വിട്ടതായിരുന്നു. വൈകുന്നേരം ഏഴോടെ എട്ടു ആടുകളിൽ ആറു ആടുകൾ തിരികെയെത്തി. ബാക്കിയുള്ളവയെ അന്വേഷിച്ചിറങ്ങിയ സുധാകരനും സുഹൃത്തുക്കളുമാണ് പുലികളുടെ മുന്നിൽപ്പെട്ടത്. ഇവരെ കണ്ടതോടെ പുലികൾ ഓടിമറയുകയായിരുന്നു. കടുവകൾ ആണെന്നും പറയപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം ഈ ഭാഗത്ത് കടുവകൾ പന്നികളെ വകവരുത്തിയിരുന്നു. തുടർന്നു വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയിരുന്നില്ല. മേലെപാന്ത്ര അങ്ങാടിയുടെ തൊട്ടടുത്താണ് സംഭവമെന്നതിനാൽ ഈ ഭാഗത്തെ വീട്ടുകാരും ഭീതിയിലാണ്.
മുകൾ ഭാഗത്തു നിന്നെത്തിയ പുലികൾ ആടുകളെ ആക്രമിച്ച് കൊല്ലുകയായിരുന്നെന്ന് സുധാകരൻ പറഞ്ഞു.വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരരും പോലീസും സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ വർഷം ടാപ്പിംഗ് തൊഴിലാളി തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. കൽക്കുണ്ട്, അൽഫോൻസ് ഗിരി, ചേരിപ്പടി, കേരള എസ്റ്റേറ്റ്, കുണ്ടോട, കരിങ്കത്തോണി, പാന്തറ ഭാഗങ്ങളിലെല്ലാം കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. കടുവയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനിടെ വീണു തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കുണ്ടോടയിൽ വളർത്തുപോത്തുകളെയും അൽഫോൻസ് ഗിരിയിൽ ആടുകളെയും കടുവ കൊന്നിരുന്നു. വളർത്തുനായ്ക്കളും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചത്തിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായപ്പോൾ വനംവകുപ്പ് ആദ്യം കാമറയും തുടർന്ന് കെണിയും സ്ഥാപിച്ചിരുന്നെങ്കിലും വന്യജീവിയെ പിടികൂടാനായിരുന്നില്ല. ഇപ്പോൾ വീണ്ടും കടുവയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ആടുമാടുകളെ വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് മലയോര മേഖലയിലെ ഏറിയപങ്കും.
ഇവർക്ക് വലിയ ഭീഷണിയാണ് നിലവിലുള്ളത്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് വന്യജീവിയെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നും കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.