ഭക്ഷ്യസംസ്കരണ-വിപണന രംഗത്ത് വനിതകൾക്ക് പരിശീലനം
1265199
Sunday, February 5, 2023 11:17 PM IST
മലപ്പുറം: ചെറുകിട സംരംഭങ്ങൾ ആരംഭിച്ച വനിതാ സംരംഭകർക്ക് ഉത്പാദന രംഗത്തെ നൂതന പ്രവണതകൾ, ബ്രാൻഡിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.
കേന്ദ്ര സർക്കാരിനു കീഴിലുള്ള ജൻ ശിക്ഷൻ സൻസ്ഥാന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ പരിശീലനം നൽകിയത്. നബാർഡ്, ഉത്പാദക കന്പനയായ എൻഐഎഫ്പിസി തുടങ്ങിയ എജൻസികളുമായി സഹകരിച്ചാണ് പരിശീലനം നൽകിയത്.
150 ചെറുകിട സംരംഭങ്ങളിലായി നാനൂറോളം പേരാണ് വിവിധ തൊഴിൽ യൂണിറ്റുകളിൽ ജോലി ചെയ്യുന്നത്. ഇവർക്ക് കേന്ദ്ര-സംസ്ഥാന പദ്ധതികൾ വഴി വായ്പ ലഭ്യമാക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കും.പരിശീലനം പി.വി അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സെക്രട്ടറി അബ്ദുൾ റഷീദ് നാലകത്ത്, നബാർഡ് ജില്ലാ മാനേജർ എ. മുഹമ്മദ് റിയാസ്, മുഹമ്മദ് ഗദ്ദാഫി, ജെഎസ്എസ് ഡയറക്ടർ വി.ഉമ്മർ കോയ, മുഹമ്മദ് അജ്സൽ, സി.ദീപ എന്നിവർ പ്രസംഗിച്ചു. വ്യവസായ വകുപ്പ് ഓഫീസർ ശ്രീരാജ്, ഇമ്രാൻ, വിവേക്, കുടുംബശ്രീ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത് എന്നിവർ ക്ലാസെടുത്തു.