ഭിന്നശേഷിക്കാർക്കു സഹായ ഉപകരണങ്ങൾ നൽകും
1273952
Friday, March 3, 2023 11:43 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെയും നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറൻലി ഏബിൾഡ് (എൻസിഎസ്സി) എന്ന സ്ഥാപനത്തിന്റെയും ബംഗളുരൂവിലെ അലിംകോ ഭിന്നശേഷി രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ മലപ്പുറം ജില്ലാ ഘടകവും സംയുക്തമായി നടത്തിയ സൗജന്യ ഭിന്നശേഷി സഹായ ഉപകരണ അസെസ്മെന്റ് ക്യാന്പിൽ മൂന്നൂറോളം ഗുണഭോക്താക്കൾ പങ്കെടുത്തു. വിവിധ സഹായ ഉപകരണങ്ങളുടെ വിവര ശേഖരണമാണ് ക്യാന്പിൽ നടന്നത്. ഇതനുസരിച്ചുള്ള ഉപകരണങ്ങൾ കേന്ദ്ര സർക്കാരിന് നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് അലിംകോ എന്ന സ്ഥാപനം. സഹായ ഉപകരണങ്ങൾ രണ്ടു മാസത്തിനകം വിതരണത്തിനായി എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരെ ക്യാന്പ് നീണ്ടുനിന്നു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ ക്യാന്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വനജ അധ്യക്ഷയായിരുന്നു.