പെരിന്തൽമണ്ണ: വൈയക്തികവും സാമൂഹികവുമായ പുരോഗതി സാധ്യമാകണമെങ്കിൽ സംഘബോധവും കൂട്ടായ പരിശ്രമങ്ങളും ആവശ്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ.
മനുഷ്യർ അവനവനിലേക്കും സ്വന്തം മൊബൈൽ ഫോണിലേക്കും മാത്രമായി ചുരുങ്ങുകയാണ്. പറയാനും പങ്കുവയ്ക്കാനും കേൾക്കാനും ആളുകളില്ലാത്തതാണ് പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. വളർന്നുവരുന്ന തലമുറയുടെ മാനസികാരോഗ്യത്തെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അതിനെ മറികടക്കാൻ കൃത്യമായ പദ്ധതികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എഫ് വിദ്യാർഥിനി വിഭാഗമായ "ഹരിത ’ സംസ്ഥാന കമ്മിറ്റി കാന്പസുകൾ കേന്ദ്രീകരിച്ച് നടത്തുന്ന "വൈബ് കോർണർ ’ കാന്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. ഹരിത സംസ്ഥാന ചെയർപേഴ്സണ് ഷഹീദ റാഷിദ് കുണിയ അധ്യക്ഷത വഹിച്ചു.
സൗഹൃദ കൂട്ടായ്മകൾ, കലാപരിപാടികൾ, ചർച്ചാ സദസുകൾ, ഫുഡ് ഫെസ്റ്റ്, മെഹന്തി ഫെസ്റ്റ്, എക്സിബിഷൻ, നവാഗതർക്കുള്ള സ്നേഹ സംഗമങ്ങൾ തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് കാന്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഒക്ടോബർ അഞ്ച്, ആറ് തിയതികളിൽ ജില്ലാതല ഉദ്ഘാടനങ്ങളും തുടർന്നു കാന്പസ്തല കാന്പയിനുകളും നടക്കും.
പെരിന്തൽമണ്ണ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഗവണ്മെന്റ് കോളജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, മലപ്പുറം ജില്ലാ സെക്രട്ടറി മുർറത്ത്, ഹരിത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലബീബ മുഹമ്മദ്, ജില്ലാ ഭാരവാഹികളായ ടി.പി ഫിദ, മുസ്ലിഹ, ഷൗഫ, ഷമീമ, എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് റോഷൻ, സനിയ, കെഎസ് യു പ്രതിനിധി അഞ്ചിത തുടങ്ങിയവർ സംബന്ധിച്ചു. ഹരിത സംസ്ഥാന ജനറൽ കണ്വീനർ അഫ്ഷീല ഷഫീഖ് സ്വാഗതവും വൈസ് ചെയർപേഴ്സണ് ആയിശ മറിയം നന്ദിയും പറഞ്ഞു.