പെരിന്തൽമണ്ണ: കുടുംബശ്രീ സഘടനാ സംവിധനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന "തിരികെ സ്കൂളിൽ’ കാന്പയിനു പെരിന്തൽമണ്ണ ബ്ലോക്കിൽ തുടക്കമായി.
പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പ്രത്യക പദ്ധതി നടപ്പാക്കുന്നത്.
പെരിന്തൽമണ്ണ നഗരസഭ, കീഴാറ്റൂർ, ആലിപ്പറന്പ്, മേലാറ്റൂർ വെട്ടത്തൂർ, അങ്ങാടിപ്പുറം, പുലാമന്തോൾ, താഴെക്കോട്, ഏലംകുളം തുടങ്ങി ഒന്പതു സിഡിഎസുകളിൽ നിന്നു തെരഞ്ഞെടുത്ത 15 റിസോഴ്സ് പേഴ്സണ്മാർക്ക് കീഴാറ്റൂർ പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് തലത്തിൽ പരിശീലനം നൽകി.
കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി അധ്യക്ഷത വഹിച്ച പരിപാടിയിൽ പരിശീലനത്തിന്റെ ഫ്ളാഗ് ഓഫ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് സോഫിയ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട്, ബ്ലോക്ക് മെംബർ മുൻഷീർ, പഞ്ചായത്ത് മെംബർമാർ, താഴെക്കോട്, കീഴാറ്റൂർ, ഏലംകുളം സിഡിഎസ് ചെയർപേഴ്സണ്മാർ, സിഡിഎസ് മെംബർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.