മഞ്ചേരിയിലും നറുകരയിലും ഭൂമിയുടെ ന്യായവിലയില്‍ : 200 ശതമാനം കുറച്ച് ഉത്തരവ്
1458253
Wednesday, October 2, 2024 5:08 AM IST
മഞ്ചേരി: ന്യായവില നിശ്ചയിച്ചതിലുണ്ടായ ഗുരുതരമായ അപാകത മൂലം ഭൂമികൈമാറ്റം അസാധ്യമായ മഞ്ചേരിയിലും നറുകരയിലും പുതിയ വില നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവ്. പുതിയ ന്യായവിലയനുസരിച്ച് 200 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. ഇതോടെ ഒരു വ്യാഴവട്ടക്കാലമായി പ്രദേശത്തുകാര്‍ ഉന്നയിക്കുന്ന ആവശ്യത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കയാണ്. 2010ലാണ് സംസ്ഥാനത്ത് ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നത്.
സംസ്ഥാനത്ത് ഭൂമാഫിയ ശക്തമാകുന്നുവെന്നും ഇത് സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഏറെ വലുതാകുമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരോ പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രവും വാണിജ്യപരവുമായ സ്ഥാനം കണക്കിലെടുത്ത് സര്‍ക്കാര്‍ ഫെയര്‍വാല്യു നിശ്ചയിച്ചത്. എന്നാല്‍ മഞ്ചേരിയിലും നറുകരയിലും നിശ്ചയിച്ച വില വന്നഗരങ്ങളെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു.
മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ അലംഭാവമാണ് ഇതിനു കാരണം. 2014 ല്‍ സംസ്ഥാനത്താകമാനം ന്യായവിലയില്‍ 50 ശതമാനം കൂടി വര്‍ധിപ്പിച്ചതോടെ മഞ്ചേരിയിലും നറുകരയിലും ന്യായവില തീര്‍ത്തും അന്യായ വിലയായി. ഇതരവില്ലേജുകളില് ഒരു സെന്റ് രജിസ്റ്റര്‍ ചെയ്യാന്‍ അയ്യായിരം രൂപയായപ്പോള്‍ മഞ്ചേരിയിലും നറുകരയിലും ഇത് 25000 മുതല്‍ 35000 രൂപ വരെയായി.
ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, മലപ്പുറം ജില്ലാ കളക്ടര്‍, ഏറനാട് താലൂക്ക് തഹസില്‍ദാര്‍, മഞ്ചേരി വില്ലേജ് ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി മഞ്ചേരി പുല്ലഞ്ചേരി കരിമുടിക്കല്‍ ഹുസൈന് അഭിഭാഷകനായ എന്‍.കെ. യഹ്യ മുഖേന ഹൈക്കോടതിയില്‍ റിട്ട് നല്‍കുകയായിരുന്നു.
കോടതി നിര്‍ദേശ പ്രകാരം 2017ല്‍ ഇരുസ്ഥലങ്ങളിലും ഫെയര്‍ വാല്യു പുനര്‍നിര്‍ണയിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 2019ല്‍ മഞ്ചേരിയിലും നറുകരയിലും വില പുനര്‍നിര്‍ണയിച്ച് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി.
തുടര്‍ന്ന് 2020, 2021, 2022 വര്‍ഷങ്ങളില്‍ പൊതുവര്ധനവ് ഉണ്ടായി. എന്നാല്‍ 2019ല്‍ പബ്ലിഷ് ചെയ്ത വില 2010ലെ വിലയായി കണക്കാക്കണമെന്നും 2011 മുതലുണ്ടായ വില വര്‍ധനവ് ഇതില്‍ കൂട്ടണമെന്നും ജില്ലാ രജിസ്ട്രാര്‍ ഉത്തരവിട്ടതോടെ കാര്യങ്ങള്‍ വീണ്ടും തകിടം മറിയുകയായിരുന്നു.
വീണ്ടും ഇരു സ്ഥലങ്ങളിലും ഭൂമിക്ക് അന്യായ വിലയായി. ഇതിനെതിരേ 2022ല്‍ വീണ്ടും കരിമുടിക്കല്‍ ഹുസൈന് അഡ്വ. യഹ്യ മുഖാന്തരം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ സമഗ്ര പഠനം നടത്തി നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം പരിശോധിച്ച സര്‍ക്കാര്‍ വിലനിര്‍ണയത്തിലെ അപാകത കണ്ടെത്തി 260 ശതമാനത്തില്‍ നിന്ന് 60 ശതമാനം മാത്രം വര്‍ധനവ് വരുത്തി ഇക്കഴിഞ്ഞ 28നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.