പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി
1568581
Thursday, June 19, 2025 5:27 AM IST
എടക്കര: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ചുങ്കത്തറ മാര്‍ത്തോമാ കോളജില്‍ പൂര്‍ത്തിയായി. രാവിലെ മുതല്‍ തന്നെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ ചുങ്കത്തറ മാര്‍ത്തോമാ കോളജിലെ വിതരണ കേന്ദ്രത്തിലേക്ക് എത്തിച്ചേര്‍ന്നു.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, വിവി പാറ്റ് മെഷീനുകള്‍, ബാലറ്റ് പേപ്പറുകള്‍, വോട്ടര്‍ പട്ടികകള്‍, വോട്ടര്‍ സ്ലിപ്പുകള്‍, മഷി, മറ്റ് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയാണ് ഇവിടെ നിന്ന് വിതരണം ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ് കോളജ് പരിസരവും സാമഗ്രികളുടെ വിതരണവും നടന്നത്.
ഓരോ ബൂത്തിലേക്കുമുള്ള സാമഗ്രികള്‍ അതത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തി കൈപ്പറ്റി വാഹങ്ങളില്‍ അതാത് പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ചു. പുതുതായി ഒരുക്കിയ 59 പോളിംഗ് ബൂത്തുകളടക്കം നിലമ്പൂര്‍ മണ്ഡലത്തില്‍ 263 പോളിംഗ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജീകരിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.