തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ
1568585
Thursday, June 19, 2025 5:27 AM IST
കരുവാരകുണ്ട്: തുവ്വൂർ റെയിൽവേ സ്റ്റേഷന് മുൻവശം മേൽക്കൂര പണിതിട്ടും യാത്രക്കാർ ഇരിക്കുന്നതും നിൽക്കുന്നതും വെള്ളത്തിൽ തന്നെ. വെള്ളം കൃത്യമായി റെയിൽവേ ട്രാക്കിലേക്കോ മറ്റു വശങ്ങളിലേക്കോ ഒഴുകി പോകാൻ സൗകര്യപ്പെടുത്താത്തത് കൊണ്ടാണ് മഴ പെയ്യുമ്പോൾ യാത്രക്കാർക്ക് വെള്ളത്തിലൂടെ തന്നെ നടക്കേണ്ടി വരുന്നതും ഇരിപ്പിടങ്ങളിൽ വെള്ളം നിറയുന്നതും.
മഴ പെയ്യുമ്പോൾ വെള്ളം പ്ലാറ്റ്ഫോമിലൂടെ ഒഴുകിയെത്തി ഫ്ലാറ്റ്ഫോമിൽ കെട്ടിനിൽക്കുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് അധികൃതർ റെയിൽവേ സ്റ്റേഷനിലെ മുൻഭാഗത്ത് മേൽക്കൂര നിർമിച്ചിരുന്നു.എന്നാൽ മേൽക്കൂര പണിതെങ്കിലും മുൻഭാഗത്ത് ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ തന്നെയാണുള്ളത്.
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ടിക്കറ്റ് കൗണ്ടറിന് മുൻവശവും വെള്ളം നിറഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങളിൽ നിന്നും വെള്ളം അകത്തേക്ക് എത്തിയതോടെയാണ് ടിക്കറ്റ് കൗണ്ടറിന്റെ മുൻവശവും വെള്ളം നിറഞ്ഞത്.
യാത്രക്കാർക്ക് ടിക്കറ്റെടുക്കാൻ പ്രയാസമാവുകയും പലരുടെയും വസ്ത്രങ്ങളും ലഗേജുകളും നനയുകയും ചെയ്തിരുന്നു. ദിനേന നൂറുകണക്കിന് യാത്രക്കാരെത്താറുള്ള റെയിൽവേ സ്റ്റേഷൻ ആധുനിക രീതിയിൽ നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.