ജൽ ജീവൻ മിഷൻ പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ യാഥാർഥ്യമാകുന്നു
1243008
Friday, November 25, 2022 12:09 AM IST
മുക്കം: മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ യാഥാർഥ്യമാകുന്നു. പഞ്ചായത്തിൽ 66 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കും. ഗാർഹിക കണക്ഷൻ നൽകുന്നതിനുള്ള ഫോം വിതരണം എല്ലാ വാർഡുകളിലും ആരംഭിച്ചിട്ടുണ്ട്.
ജനങ്ങൾക്കിടയിൽ പദ്ധതിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് മൂന്നാം വാർഡിൽ ഗ്രാമസഭ വിളിച്ചുചേർത്തു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊടിയത്തൂർ പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കപ്പെടുന്നതാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.
ഗ്രാമസഭയിൽ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷയായി.