വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ച് പേരാമ്പ്ര പഞ്ചായത്ത് വികസന സദസ്
1601596
Tuesday, October 21, 2025 7:04 AM IST
പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചും ഭാവി വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ചും പേരാമ്പ്ര പഞ്ചായത്ത് വികസന സദസ്. ടി.പി.രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.
വികസന നേട്ടങ്ങളുടെ അവതരണം, ചര്‍ച്ച, തൊഴില്‍ മേള, ഹരിതകര്‍മ സേന അംഗങ്ങളെ ആദരിക്കലും യൂണിഫോം വിതരണവും എന്നിവ വികസന സദസിനോടനുബന്ധിച്ച് നടന്നു. അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുക, നമ്പറില്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തി നികുതി ചുമത്തി വരുമാനം വര്‍ധിപ്പിക്കുക, ഓഫീസുകള്‍ ഹൈടെക്കാക്കുക, ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക, പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും സൗകര്യം മെച്ചപ്പെടുത്തുക, ജല്‍ ജീവന് പദ്ധതി വഴി എല്ലായിടങ്ങളിലും ജലലഭ്യത ഉറപ്പുവരുത്തുക, പേരാമ്പ്ര കേന്ദ്രീകരിച്ച് ഇലക്ട്രിക് ശ്മശാനം നിര്‍മിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, സെക്രട്ടറി ഒ. മനോജ്, അസി. സെക്രട്ടറി സുകുമാരന്‍, റിസോഴ്സ് പേഴ്സണ്‍ പി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, മുന്‍ എംഎല്‍എ കുഞ്ഞമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.