ഗ്രാമങ്ങള്‍ പാളയത്തേക്ക് ഒഴുകിയ കാലം
1601604
Tuesday, October 21, 2025 7:04 AM IST
കോഴിക്കോട്: ഉള്‍നാടന്‍ ഗ്രാമങ്ങളിൽ നിന്ന് ആളുകള്‍ പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഒഴുകിയ ഒരു കാലമുണ്ടായിരുന്നു. കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കാനും വാങ്ങാനും ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നത് പാളയത്തേക്കാണ്. ചേന, ചേമ്പ്, മലഞ്ചരക്കുകള്‍, പച്ചക്കറികള്‍, നേന്ത്രവാഴക്കുലകള്‍ എന്നിവയെല്ലാം പാളയം ലക്ഷ്യമാക്കിയാണ് ഗ്രാമങ്ങളില്‍ നിന്നെത്തിയത്. കാര്‍ഷിക രംഗത്ത് ഉണ്ടായ പ്രതിസന്ധിയും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കടന്നുവരവുമാണ് പാളയത്തെ കച്ചവടത്തിനു തിരിച്ചടിയായത്.
സ്വകാര്യബസുകള്‍ക്കു മുകളില്‍ കയറ്റിയാണ് അക്കാലത്ത് ചരക്ക് എത്തിയിരുന്നതെന്ന് 1962-ല്‍ കച്ചവട ആവശ്യത്തിനു കോഴിക്കോട്ട് എത്തിയ പ്രമുഖ വ്യവസായി ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി പറഞ്ഞു. കൊയിലാണ്ടി, വടകര, പേരാമ്പ്ര, മുക്കം, താമരശേരി ഭാഗത്തുനിന്നെല്ലാം ബസിലാണ് ചരക്ക് എത്തിയിരുന്നത്. പാളയത്ത് ഒരു ബസ് സ്റ്റോപ്പാണ് ഉണ്ടായിരുന്നത്. പിന്നീടാണ് ജയന്തി ബില്‍ഡിംഗ് അവിടെ വന്നത്. അതോടെ പാളയത്തിന്റെ മുഖച്ഛായ മാറി.
മുനിസിപ്പാലിറ്റിയായിരുന്ന കോഴിക്കോട് കോര്‍പറേഷനായതോടെ വികസന കുതിപ്പുണ്ടായി. ഗ്രാമങ്ങള്‍ വികസിച്ചതോടെ പാളയത്തേക്കുള്ള ചരക്ക് വരവ് കുറഞ്ഞു. മൊത്തവ്യാപാര കടകളും മാളുകളും ഗ്രാമങ്ങളുടെ ഭാഗമായതോടെ കച്ചവടം കുറഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ പാളയത്തിന്റെ ഹൃദയം കവര്‍ന്നു. പുലര്‍ച്ചെ മുതല്‍ പാളയത്ത് തമിഴനാട്ടിലെയും കര്‍ണാടകത്തിലെയും ലോറികള്‍ ഊഴമിട്ടു കാത്തുകിടന്നു.
പത്തും പതിനാറും ചക്രമുള്ള ലോറികള്‍ വരെ പാളയം ലക്ഷ്യമാക്കി എത്തി. ഇതോടെ പാളയത്ത് രൂക്ഷമായ ഗതാഗത തടസമുണ്ടായി. മണിക്കൂറുകളുടെ ഗതാഗതക്കുരുക്കില്‍ രാവിലെ പാളയം വഴിയുള്ള യാത്ര പേടിസ്വപ്നമായി. പാളയത്തിനകത്ത് പച്ചക്കറി കച്ചവടം പൊടിപൊടിച്ചപ്പോള്‍ പുറത്ത് പഴം വിപണിയും സജീവമായി. ഇതോടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത വിധം പാളയം മാര്‍ക്കറ്റ് വീര്‍പ്പുമുട്ടി. ഇതോടെയാണ് പുതിയ മാര്‍ക്കറ്റ് എന്ന ആശയം ഉയര്‍ന്നുവന്നത്.
സ്വന്തം ലേഖകന്‍