38 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ്: പ്രധാന കണ്ണികളില്‍ ഒരാള്‍ അറസ്റ്റില്‍
1601602
Tuesday, October 21, 2025 7:04 AM IST
കോഴിക്കോട്: ഓണ്‍ലൈന്‍ തൊഴിലിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയില്‍ നിന്ന് 38 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ സൈബര്‍ തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണികളില്‍ ഒരാളായ ആലപ്പുഴ സ്വദേശിയെ കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കീരിക്കാട് സ്വദേശി എസ്. മുഹ്സിന് (28) ആണ് അറസ്റ്റിലായത്.
നാട്ടില്‍ സ്വകാര്യ സ്ഥാപനം നടത്തി വരുന്ന പരാതിക്കാരന് കഴിഞ്ഞ ജൂലൈ മാസത്തില്‍ ഓണ്‍ലൈന്‍ തൊഴിൽ മുഖേന പ്രതിദിന വരുമാനം ലഭിക്കുമെന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവരുമായി ബന്ധപ്പെടുകയായിരുന്നു. ആദ്യം ലളിതമായ ഓണ്‍ലൈന്‍ ടാസ്ക്കുകള് ചെയ്യാന്‍ ആവശ്യപ്പെട്ടു. ചെറിയ തുകകള്‍ ലാഭമായി അയച്ചു വിശ്വാസം നേടി.
തുടര്‍ന്ന് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് വലിയ തുകകള്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. നിക്ഷേപങ്ങള്‍ വിവിധ ഘട്ടങ്ങളിലായി "ലെവല്‍ ടാസ്ക്കുകള്' എന്ന പേരില്‍ നടത്താന്‍ ആവശ്യപ്പെട്ടതോടൊപ്പം വെബ്സൈറ്റിലെ അക്കൗണ്ടില്‍ ലാഭം അടങ്ങിയ തുക കാണിച്ചുകൊണ്ട് പരാതിക്കാരനെ കൂടുതല്‍ പണം അയയ്ക്കാന്‍ പ്രേരിപ്പിച്ചു.
ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് പ്രതികള്‍ ബന്ധം നിലനിര്‍ത്തിയത്. ഈ രീതിയില്‍ ഓണ്‍ലൈന്‍ ജോബ്, നിക്ഷേപ വാഗ്ദാനങ്ങള്‍ എന്നിവയുടെ പേരില്‍ പരാതിക്കാരനെ വഞ്ചിച്ച് 38,12,882 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചാണ് തട്ടിയെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.