കാഴ്ച മറച്ച് റോഡരികിലെ കാട്: മുപ്പതാംമൈല്‍ മേഖലയില്‍ അപകടസാധ്യതയേറി
1601595
Tuesday, October 21, 2025 7:04 AM IST
കൂരാച്ചുണ്ട്: ജില്ലയിലെ തന്നെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കക്കയത്തേയ്ക്കുള്ള പിഡബ്ല്യുഡി അധീനതയിലുള്ള റോഡില്‍ മുപ്പതാം മൈല്‍ മേഖലയിൽ യാത്രക്കാരുടെയും വാഹന ഡ്രൈവര്‍മാരുടെയും കാഴ്ച മറയ്ക്കുന്ന വിധം റോഡരികില്‍ കാടുമൂടിയത് അപകടസാധ്യതയുയര്‍ത്തുന്നു.
അനുദിനം ഒട്ടേറെ ബസുകളും മറ്റു വാഹനങ്ങളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ റോഡാണിത്. കക്കയം മുതല്‍ ഇരുപത്തെട്ടാം മൈല്‍ വരെയുള്ള റോഡിന്റെ ഇരു ഭാഗങ്ങളിലും പലയിടങ്ങളിലായി വന്‍തോതില്‍ കാടുമൂടിയിട്ടുണ്ട്.
പൊതുവേ വീതി കുറഞ്ഞ റോഡില്‍ ഇരുഭാഗവും കാടു മൂടിയതോടെ എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. കക്കയത്ത് ജലവൈദ്യുത പദ്ധതികളും ഡാമും ഉള്ളതിനാല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന റോഡാണിത്. റോഡരികിലെ കാടുവെട്ടി നീക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്