കോഴിക്കോടിന്റെ "വൈബ്' മാറുന്നു
1601605
Tuesday, October 21, 2025 7:04 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: എന്തും കിട്ടും എങ്ങനെയും കിട്ടും...അതായിരുന്നു കോഴിക്കോട്ടെ പാളയം മാര്‍ക്കറ്റ്. ചരിത്രമുറങ്ങുന്ന സ്ഥലം. "പാളയത്തേക്ക് പേകാം' എന്ന് ഒരിക്കലെങ്കിലും പറയാത്ത കോഴിക്കോട്ടുകാരുണ്ടാവില്ല. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നൂറുകണക്കിന് പേര് വന്നുപോകുന്ന സ്ഥലം.
പാളയത്തെ തിരക്കില്പെട്ടുപോകാത്ത കോഴിക്കോട്ടുകാരുണ്ടാകില്ല. ആ തിരക്ക് തന്നെയാണ് പാളയത്തിന്റെ ഗുണവും ദോഷവും. ഒടുവില്‍ പാളയവും പരിസരവും " കാലിയാകുമ്പോള്‍' ഒരു കാലഘട്ടം തന്നെയാണ് പിന്നോട്ടുപോകുന്നത്. പാളയത്തെ തിരക്ക് കോഴിക്കോട്ടുകാരുടെ വൈബായിരുന്നു. ഏറ്റവും കൂടുതല്‍ പേര് എത്തിയിരുന്ന പച്ചക്കറി-പഴം മാര്‍ക്കറ്റുകള്‍ ഇവിടെ നിന്നും മാറുമ്പോള്‍ അനുബന്ധ കച്ചവടങ്ങളെയും അത് ബാധിക്കും. ഏറെ ചിന്തിച്ചെടുത്ത തീരുമാനമെന്ന് കോര്പറേഷന് അധികാരികള്‍ പറയുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്.
24 മണിക്കൂറും തിരക്ക്...
ഉത്സവകാലങ്ങളില്‍ പാളയത്തെ തിരക്ക് ഒന്നുവേറെ തന്നെയാണ് പഴം , പച്ചക്കറി മാര്‍ക്കറ്റ്, മൊത്ത വ്യാപാര കടകള്‍ , ചെറിയ ഷോപ്പുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, തട്ടുകടകള്‍, ബസ് സ്റ്റാന്‍ഡ്, ഒട്ടോ പാര്‍ക്കിംഗ് എന്നിവയെല്ലാം ഒരു കിലോമീറ്ററിനുള്ളില്‍ സംഗമിച്ചാല്‍ എങ്ങിനെയിരിക്കും. അതാണ് പാളയം മാര്‍ക്കറ്റിന്റെ പ്രൗഢി. ആ പ്രൗഢി ഇതേ സൗകര്യങ്ങളോടെ മറ്റൊരിടത്ത് കിട്ടുമെന്നുറപ്പില്ല.
പാളയം മാര്‍ക്കറ്റ് ഇവിടെനിന്നും മാറ്റിയെന്ന് വിശ്വസിക്കാന്‍ തന്നെ കോഴിക്കോട്ടുകാര്‍ക്ക് ഏറെ സമയം വേണ്ടിവരും.യാത്രക്കാര്‍ ഉള്‍പ്പെടുന്ന ഒരു ഫ്ളോട്ടിംഗ് പോപ്പുലേഷനായിരുന്നു പാളയത്തേത്. ആളുകള്‍ പ്രധാനമായും ദൈനംദിന വാങ്ങലിനായി പാളയം വിപണിയെയായിരുന്നു ആശ്രയിച്ചിരുന്നത്. സ്ഥലംമാറ്റം അവരുടെ വാങ്ങലിന് അറുതി വരുത്തുമെന്ന ആശങ്ക ഒരു ഭാഗത്ത് ഉയരുന്നുണ്ട്. പക്ഷെ ആശങ്കയ്ക്കുമപ്പുറത്താണ് പാളയം ഇതിനകം പകര്‍ന്ന് നല്‍കിയിരിക്കുന്ന കാഴ്ചകള്‍ എന്നതാണ് സത്യം. ഇരുപത്തിനാല് മണിക്കൂറും ഗതാഗതകുരുക്കില്‍ വീര്‍പ്പ് മുട്ടിയിരുന്ന പാളയം ഇനി തിരക്കൊഴിഞ്ഞ വ്യാപാരമേഖലയായി മാറും. പാതയോരത്ത് ഉന്തുവണ്ടിയില്‍ പഴവര്‍ഗങ്ങള്‍ വിറ്റിരുന്നവരെല്ലാം ഇതിനകം കളമൊഴിഞ്ഞു.
കോഴിക്കോട് മിഠായിത്തെരുവ് ഉത്സവകാലങ്ങളില്‍ തിരക്കിലമരുമ്പോള്‍ പാളയത്ത് എല്ലാ കാലത്തും തിരക്കാണ്. രാവിലെ ഗ്രാമ പ്രദേശങ്ങളില്‍ നിന്നും കച്ചവടക്കാര്‍ എത്തി പാളയത്തുനിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങും. ഈ സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ളത്. ഉന്തുവണ്ടികള്‍ റോഡ് മുറിച്ചുകടന്നുപോകുന്നതും പതിവുകാഴ്ചയാണ്. ആ തിരക്ക് രാത്രി വൈകും വരെ തുടരുകയും ചെയ്യും.
ഒപ്പം ട്രാവല്‍ ഏജന്‍സികളിലും മറ്റും എത്തുന്നവരും യാത്രക്കാരും പാളയത്തെ സദാ സമയവും സജീവമാക്കുമായിരുന്നു. പച്ചക്കറി മാര്‍ക്കറ്റിലാകട്ടെ രാത്രി വൈകിയാല്‍ വില കുറച്ചുപേശിവാങ്ങാം എന്നതിനാല്‍ കൂടുതല്‍ പേര് എത്താറുണ്ട്. മുന്‍പ് ക്രിമിനല്‍ സ്വഭാവമുള്ളവരുടെയും മോഷ്ടാക്കളുടെയും വലിയ കേന്ദ്രമായിരുന്ന പാളയം. പോലീസ് ഇടപെടലിലൂടെയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത്. ഇത് നിലനിര്ത്തികൊണ്ടുപോകുക എന്നതും അധികാരികള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.
സ്ഥിരം കസ്റ്റമേഴ്സ്...
പച്ചക്കറിമാര്‍ക്കറ്റ് മാത്രമായിരുന്നില്ല പാളയത്തേക്ക് ആളുകളെ എത്തിച്ചിരുന്നത്. ഓട്ടോ ഡ്രൈവര്‍മാരും പോര്‍ട്ടര്‍മാരും കച്ചവടക്കാരും ബസ് സ്റ്റാന്‍ഡും എല്ലാം പാളയത്തെ തിരക്കിലമര്ത്തി. രാത്രിസമയങ്ങളില്‍ ദൂരെ ദിക്കുകളില്‍ നിന്ന് എത്തുന്നവരും ഇവിടെ ലോഡ്ജുകളില്‍ താമസിക്കുന്നത് പതിവാണ്. സ്ഥിരം കസ്റ്റമേഴ്സ് ഉള്ള സ്ഥലം കൂടിയായിരുന്നു പാളയം മാര്‍ക്കറ്റും പരിസരവും.
ചരക്കുവാഹനങ്ങള്‍ രാത്രി എത്തി പുലര്‍ച്ചെ തിരിച്ചുപോകാറായിരുന്നു പതിവ്. പോര്‍ട്ടര്‍മാരും ഓട്ടോ തൊഴിലാളികളും യാത്രക്കാരും എല്ലാവരും ചേരുമ്പോള്‍ പാളയത്ത് ബഹളമയമായിരുന്നു. എത് വാഹനങ്ങള്‍ക്കും എളുപ്പം എത്താന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകതയായി ഉണ്ടായിരുന്നത്. മിക്ക ദിവസങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്താറുള്ള സ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്. പല ദേശത്തുനിന്നുള്ള, സ്വഭാവങ്ങളുള്ള ആളുകള്‍ ദിനംപ്രതി ഇവിടെ വന്നുപോകാറുണ്ട്. മാര്‍ക്കറ്റ് ഇവിടെ നിന്നും മാറുന്നതോടെ വലിയ രീതിയലുള്ള ജനത്തിരക്കാണ് ഒഴിയുക.
മായുന്നത് വാണിജ്യ പ്രതാപത്തിന്റെ പ്രതീകം
കോഴിക്കോട്: കോഴിക്കോടിന്റെ വാണിജ്യപ്രതാപത്തിന്റെ പ്രതീകങ്ങളാണ് പാളയം പച്ചക്കറി മാര്‍ക്കറ്റും മിഠായിത്തെരുവും വലിയങ്ങാടിയും. ഒരു ചെണ്ടിലെ മൂന്നു പൂക്കള്‍പോലെ ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വലിയങ്ങാടിയില്‍ എത്തുന്ന കച്ചവടക്കാര്‍ മിഠായിത്തെരുവിലും പാളയത്തുമെല്ലാം വന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നതാണ് പതിവ്.

കച്ചവടക്കാര്‍ മാത്രമല്ല നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും പാളയത്തും മിഠായിത്തെരുവിലും കടകളില്‍ കയറിയാണ് മടങ്ങാറുള്ളത്. കോര്‍പറേഷന്റെ പുതിയ തീരുമാനത്തോടെ വലിയങ്ങാടിയോടും മിഠായിത്തെരുവിനോടും വിടപറഞ്ഞ് പാളയം പച്ചക്കറി മാര്‍ക്കറ്റ് ഇനി കല്ലുത്താന്‍കടവിലേക്ക് ചേക്കേറുകയാണ്.
പാളയത്തുനിന്ന് നടന്നെത്താവുന്ന ദൂരമാണ് മിഠായിത്തെരുവിലേക്കുള്ളത്. മിഠായിത്തെരുവില്‍ നിന്ന് വസ്ത്രങ്ങളും ഉടുപ്പും ചെരിപ്പും പാത്രങ്ങളുമെല്ലാം വാങ്ങി നടന്നുനീങ്ങിയാല്‍ പാളയത്ത് എത്താം. അവിടെനിന്ന് പഴവര്‍ഗങ്ങളും പച്ചക്കറികളും വാങ്ങി വീട്ടിലേക്കു മടങ്ങാം. പാളയം മാര്‍ക്കറ്റിന്റെ പ്രത്യേകത കണക്ടിവിറ്റിയാണ്. പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളുമായുള്ള കണക്ടിവിറ്റി.
പച്ചക്കറിയടക്കമുള്ള സാധനങ്ങള്‍ വാങ്ങി സാധാരണക്കാരനു ബസില്‍ കയറി പോകാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് മുക്കം, കുന്നമംഗലം, താമരശേരി, ആര്‍ഇസി, മാവൂര്‍, അരീക്കോട്, ചെറുവാടി, കൊടുവള്ളി ഭാഗങ്ങളിലേക്ക് ബസുകള്‍ ഉണ്ട്. ഇവിടെ നിന്ന് ബസില്‍ കയറി പത്തു രൂപ കൊടുത്താല്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ എത്താം.അവിടെ നിന്ന് ബാലുശേരി, കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, അത്തോളി, കൊയിലാണ്ടി, താമരശേരി, നരിക്കുനി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ കിട്ടും. ഇല്ലെങ്കില്‍ പാളയത്തുനിന്ന് 30 രുപ കൊടുത്താല്‍ ഓട്ടോറിക്ഷയില്‍ പുതിയ സ്റ്റാന്‍ഡിലെത്താം. ഇത്തരത്തിലുള്ള യാത്രാസൗകര്യം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു.
പാളയത്തു നിന്ന് പച്ചക്കറി വാങ്ങി സ്വകാര്യ ബസുകളില്‍ കൊണ്ടുപോകുന്ന ധാരാളം കച്ചവടക്കാര്‍ ഇപ്പോഴുമുണ്ട്. രാവിലെ പാളയത്തുനിന്ന് പുറപ്പെടുന്ന ബസുകളുടെ മുന്‍ ഭാഗത്ത് ഡ്രൈവറുടെ ക്യാബിനു സമീപവും പിന്‍ഭാഗത്തുമെല്ലാം പച്ചക്കറി ചാക്കുകള്‍ കാണാം. നാട്ടിന് പ്രദേശങ്ങളില്‍ പച്ചക്കറി മൊത്തവിലയില്‍ കിട്ടുന്നതിനാല്‍ കച്ചവടത്തിനു അല്പം കുറവുനേരിട്ടുവെങ്കിലും പാളയത്തിന്റെ പ്രതാപം കുറഞ്ഞിട്ടേയില്ല. എല്ലാതരം പഴങ്ങളും പാളയം മാര്‍ക്കറ്റില്‍ കിട്ടുമെന്നതാണ് ശ്രദ്ധേയം. നമ്മുടെ നാട്ടിലെ പഴങ്ങള്‍ മാത്രമല്ല വിദേശ പഴങ്ങളും ലഭ്യം. വിലപേശി വാങ്ങാനുള്ള അവസരങ്ങളും ഉണ്ട്. ഉന്തുവണ്ടികളില്‍ എല്ലാതരം പഴവര്‍ഗങ്ങളും വില്‍ക്കുന്ന കച്ചവടക്കാരുമുണ്ട്.
കല്ലുത്താന്‍ കടവിലേക്കാണ് മാര്‍ക്കറ്റ് മാറ്റുന്നത്. അവിടേക്ക് എത്തിപ്പെടുകയെന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. പൊതുവേ തിരക്കുള്ള റൂട്ടാണ് മിനി ബൈപാസ്. കോഴിക്കോടുനിന്ന് തൃശൂര്‍, എറണാകുളം, മലപ്പുറം, മഞ്ചേരി, പാലക്കാട്, പെരിന്തല്‍മണ്ണ, എറണാകുളം, തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകളെല്ലാം കടന്നുപോകുന്നത് കല്ലുത്താന്‍കടവ് വഴിയാണ്. നൂറുകണക്കിനു ബസുകള്‍. മിംസ് ആശുപത്രിയിലേക്കും ലുലു മാളിലേക്കും യാത്ര ചെയ്യുന്ന ആയിരങ്ങള്‍ വേറെ.
നൂറുകണക്കിനു കാറുകളും അതിലേറെ ഇരുചക്രവാഹനങ്ങളും കടന്നുപോകുന്ന റോഡ്. അതിനിടയിലേക്കാണ് പാളയം പച്ചക്കറി മര്ക്കറ്റുകൂടി വരുന്നത്. കൂനിന്മേല് കുരുവെന്ന പോലെ ഗതാഗതകുരുക്ക് ഈ ഭാഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ദീര്‍ഘദൂര ബസുകളാണ് ഇതുവഴി കടന്നുപോകുന്നതില്‍ അധികവും. അതുകൊണ്ടുതന്നെ മാര്‍ക്കറ്റിലേക്ക് ബസില്‍ കറയി വരുന്നതും സാധനങ്ങള്‍ വാങ്ങി ബസില്‍ തിരികെ പോകുന്നതും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ചുരുക്കിപറഞ്ഞാല്‍ പാളയത്തു നിന്ന് പറിച്ചുനടപ്പെടുന്ന വ്യാപാരികള്‍ക്ക് കച്ചവടം നാലിലൊന്നായി കുറയാനാണ് സാധ്യത. ഇതാണ് ഈ സംരംഭത്തെ കച്ചവടക്കാര്‍ നഖശിഖാന്തം എതിര്‍ക്കാന്‍ കാരണം.