മീന്മുട്ടിയില് അജ്ഞാതജീവിയുടെ ആക്രമണം: വളര്‍ത്തുനായയ്ക്ക് പരിക്ക്
1601588
Tuesday, October 21, 2025 7:03 AM IST
കൂരാച്ചുണ്ട്: കരിയാത്തുംപാറ മീന്മുട്ടി മേഖലയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ വളര്‍ത്തു നായയ്ക്ക് പരിക്ക്. മീന്മുട്ടി മേഖലയില്‍ താമസിക്കുന്ന പുതുപ്പറമ്പില്‍ മാത്യുവിന്റെ വളര്ത്തുനായയ്ക്കാണ് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 12 നാണ് സംഭവം.
ശബ്ദം കേട്ട് മാത്യു ലൈറ്റ് തെളിച്ച് നോക്കിയപ്പോള്‍ കൂട്ടിലായിരുന്ന നായ കഴുത്തിന് മുറിവേറ്റ് അവശ നിലയില്‍ കിടക്കുന്നതാണ് കണ്ടത്. നായയുടെ കൂടിന് സമീപത്തും കൃഷിയിടത്തിലും അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ മണ്ണില്‍ പതിഞ്ഞിട്ടുണ്ട്.
കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ കടുവയുടേത് അല്ലെന്നും പട്ടിപ്പുലിയാണെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പും പ്രദേശത്ത് സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
കക്കയം സ്റ്റേഷന് ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. ബൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ജി ബ്രിജേഷ് എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മീന്മുട്ടി മേഖലയില്‍ രാത്രികാല നിരീക്ഷണം നടത്തുമെന്ന് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വിജിത്ത് അറിയിച്ചു.