പറപ്പറ്റ പാലം മന്ത്രി ഉദ്ഘാടനം ചെയ്തു
1601597
Tuesday, October 21, 2025 7:04 AM IST
കോടഞ്ചേരി: വികസന പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എം.ബി.രാജേഷ്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി രൂപ ചെലവിട്ട് നിര്‍മിച്ച കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോടഞ്ചേരിയെയും ചെമ്പുകടവിനെയും ബന്ധിപ്പിച്ച് ചാലിപ്പുഴക്ക് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ജലസേചന വകുപ്പ് നിര്‍മിച്ച വി.സി.ബിയാണ് ഇവിടെ യാത്രക്കായി ഉപയോഗിച്ചിരുന്നത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ ഇതിന് കേടുപാട് സംഭവിക്കുകയും ജലസേചനത്തിനും യാത്രക്കും ഭീഷണിയാവുകയും ചെയ്തു. തുടര്‍ന്നാണ് കാലപ്പഴക്കം ചെന്ന പറപ്പറ്റ ബണ്ട് പാലം പൊളിച്ചു നീക്കി പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
32.70 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ 5.50 മീറ്റര്‍ കാര്യേജ് വേ ആണ് നല്‍കിയിട്ടുള്ളത്. കോടഞ്ചേരി ഭാഗത്ത് 144.50 മീറ്ററും ചെമ്പുകടവ് ഭാഗത്ത് 57.30 മീറ്ററും അപ്രോച്ച് റോഡും പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു.
പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനുളള സ്ഥലം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായി ഉടമകള്‍ സൗജന്യമായി ലഭ്യമാക്കുകയായിരുന്നു. പാലത്തിന്റെ ചെമ്പുകടവ് ഭാഗത്ത് അനുബന്ധ റോഡ് വീതികുട്ടി ഇന്റര്‍ലോക്ക് നിരത്തി. മെറ്റല്‍ കൈവരികള്‍ സ്ഥാപിച്ച് പുഴയോരം ഭംഗിയാക്കി. പഞ്ചായത്ത് ഭരണ സമിതിയുടെയും പഞ്ചായത്ത് എന്‍ജിനീയര്‍ വിഭാഗത്തിന്റെയും മേല്‍നോട്ടത്തിലാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറുകാര്‍. ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, വൈസ് പ്രസിഡന്റ് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് പെരുമ്പള്ളി, സംഘാടക സമിതി ചെയര്മാന് കെ.എം. ജോസഫ് എന്നിവര്‍ പങ്കെടുത്തു.