എതിര്‍പ്പിനിടെ പുതിയ പച്ചക്കറി മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രിയെത്തും
1601603
Tuesday, October 21, 2025 7:04 AM IST
കോഴിക്കോട്: വ്യപാരികളുടെയും തൊഴിലാളികളുടെയും ശക്തമായ എതിര്‍പ്പിനിടെ പാളയം പച്ചക്കറി മാര്‍ക്കറ്റ് ഇന്ന് കല്ലുത്താന്‍കടവിലേക്ക് മാറ്റും.അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താന്‍ കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ "ന്യൂ പാളയം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് മാര്‍ക്കറ്റ്' രാവിലെ ഒമ്പതിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.
പച്ചക്കറി മാര്‍ക്കറ്റിലെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും ഹോള്‍സെയില്‍ ആന്‍ഡ് ഓപ്പണ്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും നിര്‍വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം.കെ. രാഘവന് എം പി, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്, ജില്ല കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് എന്നിവര്‍ പങ്കെടുക്കും.
കല്ലുത്താന്‍കടവിലെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാര്‍ക്കറ്റ് നിര്‍മിച്ചത്. കോര്‍പറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മാണം നടത്തിയത് കല്ലുത്താന്‍കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്. 2009-ല്‍ തറക്കല്ലിട്ട പദ്ധതിക്ക് കോര്പറേഷന് 30 കോടി രൂപ ചെലവില്‍ സ്ഥലം നല്കി. 100 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആറ് ബ്ലോക്കുകളായി നിര്‍മിച്ച മാര്‍ക്കറ്റില്‍ പ്രധാന ബ്ലോക്കിന്റെ മുകള്‍ ഭാഗത്തുള്‍പ്പെടെ അഞ്ഞൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
മൂന്നര ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 310 പഴം-പച്ചക്കറി കടകള്‍ക്ക് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത-അരയിടത്തുപാലം ബൈപാസില്‍ നിന്ന് നേരിട്ട് വാഹനങ്ങള്‍ക്ക് കയറാം. കെട്ടിടത്തിനു മുകളിലേക്ക് ഓട്ടോ, ഗുഡ്സ് വാഹനങ്ങള്‍ക്ക് കയറാന്‍ മൂന്ന് റാംപുകള്‍ ഉണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിന് ലൈസന്‍സുള്ള 153 കച്ചവടക്കാര്‍ക്ക് ന്യൂ മാര്‍ക്കറ്റില്‍ മുറികളും ഒരുക്കി. പുതിയ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം കച്ചവടക്കാരുടെയും ഉന്തുവണ്ടി തൊഴിലാളികളുടെയും ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ്. പാളയം മാര്‍ക്കറ്റ് നിലവിലുള്ള സ്ഥലത്തുവേണമെന്നാണ് ഇവരുടെ ആവശ്യം.
പാളയത്തെ കച്ചവടക്കാരും തൊഴിലാളികളും ഇന്ന് മനുഷ്യച്ചങ്ങല തീര്‍ക്കും
കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്കു മാറ്റുന്നതിനെതിരേ വ്യാപാരികളും തൊഴിലാളികളും ഇന്ന് കരിദിനമാചരിക്കും. പാളയത്ത് രാവിലെ മനുഷ്യച്ചങ്ങല തീര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പളയം പച്ചക്കറി മാര്‍ക്കറ്റ് സംരക്ഷണത്തിനായി രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം.
രാവിലെ ഒമ്പതിന് അളകാപുരി മുതല്‍ പാളയം ബസ്സ്റ്റാന്‍ഡ് ഗേറ്റുവരെയാണ് മനുഷ്യച്ചങ്ങല. പാളയത്തെ പഴം, പച്ചക്കറി വ്യാപാരികള്‍, എസ്ടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയ ട്രേഡ് യുണിയനുകള്‍, ഫുട്പാത്ത് കച്ചവടത്തൊഴിലാളകിള് തുടങ്ങിയവര്‍ സമരത്തിന്റെ ഭാഗമാകും. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.കല്ലുത്താന്‍കടവില്‍ നിര്‍മിച്ച കെട്ടിടം ശാസ്ത്രീയമായി നിര്‍മിച്ചതല്ലെന്നും കച്ചവടത്തിനു പറ്റില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.