കുടിവെള്ള സംരക്ഷണത്തിനായി ജനപ്രതിനിധികളും ജീവനക്കാരും കൈകോർത്തു
1280057
Thursday, March 23, 2023 12:20 AM IST
മരുതോങ്കര: അന്തരാഷ്ട്ര ജലദിനത്തോട് അനുബന്ധിച്ച് മരുതോങ്കര പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും എൻആർഇജിഎസ് മേറ്റുമാരും ചേർന്ന് മുപ്പറ്റ കുഴി താഴ വേട്ടോറ ശുദ്ധജല കേന്ദ്രത്തിനരികിലെ പുഴയ്ക്ക് കുറുകെ മണൽചാക്ക് തടയണ നിർമിച്ചു.
വേനൽ കനത്തതോടെ പരിസര പ്രദേശമായ വേട്ടോറ, നീളൻ പാറ, അടുക്കത്ത്, കള്ളാട് ഭാഗത്തെ 360 തോളം ഗുണഭോക്താക്കൾക്ക് പുഴയിലെ വേലിയിറക്കം കാരണം കുടിവെള്ള ലഭ്യത കുറയുന്നതിന് താത്ക്കാലിക തടയണ നിർമാണത്തിലൂടെ ഒരളവു വരെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് തടയണ നിർമാണത്തിന് നേതൃത്വം വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. പുഴയുടെ കുറുകെ 150 തോളം മീറ്റർ നീളത്തിലും ഒന്നര മീറ്റർ ഉയരത്തിലുമാണ് ഏകദേശം ആയിരത്തോളം മണൽചാക്കുക്കൾ നിരത്തി തടയണ നിർമിച്ചത്. പഞ്ചായത്ത് സെക്രട്ടറി ടി.വി. സുജിത്ത്, വൈസ് പ്രസിഡന്റ് ശോഭ അശോകൻ, റോബിൻ മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികളും പങ്കാളികളായി.