മയക്കുമരുന്നു കടത്തില്‍ വര്‍ധന; ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി പോലീസ്
1298387
Monday, May 29, 2023 11:23 PM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ മലബാറില്‍ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പോലീസ് നടപടി ശക്തിപ്പെടുത്തി. ഉത്തരമേഖലാ ഐജി നീരജ്കുമാര്‍ ഗുപ്തയുടെ മേല്‍നോട്ടത്തില്‍ ഇരുപതംഗ പ്രത്യേക സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡു വരെയാണ് ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി അന്വേഷണം ഊർജിതമാക്കിയത്.ഏറ്റവും കൂടതല്‍ തവണ മയക്കുമരുന്ന് പിടികൂടിയ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ തവണ മയക്കുമരുന്ന് കൈമാറിയ പ്രദേശങ്ങളും ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടും. ഓരോ ജില്ലയിലും പോലീസിന്റെ ഡാന്‍സാഫ് വിഭാഗവും സ്പെഷല്‍ ബ്രാഞ്ചും ചേര്‍ന്നാണ് ഹോട്ട്സ്പോട്ടുകള്‍ തീരുമാനിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുംകുടുതല്‍ ഹോട്ട്സ്പോട്ടുകള്‍ ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പട്ടണങ്ങള്‍, വിദ്യാലയങ്ങള്‍ക്ക് അടുത്ത സ്ഥലങ്ങള്‍ എന്നിവയാണ് പ്രധാനമായും ഹോട്ട്സ്പോട്ടില്‍ ഇടം നേടിയ സ്ഥലങ്ങള്‍. ഇത്തരം സ്പോട്ടുകളില്‍ നിന്ന് 600 പേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഏറെയും യുവാക്കളാണ്.
2018 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ കമേഴ്സ്യല്‍ ആവശ്യത്തിന് നടത്തിയ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 343 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. മീഡിയം ക്വാണ്ടിറ്റി പിടിച്ചെടുത്തതിന് 3896 കേസുകളും എടുത്തു. വ്യക്തിപരമായ ആവശ്യത്തിനുള്ള മയക്കുമരുന്നുമായി 47,168 പേരും പിടിയിലായി.
അഞ്ചുവര്‍ഷത്തിനകം 12,391 കിലോ കഞ്ചാവ് ആണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് വസ്തുക്കളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതായി പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.മയക്കുമരുന്ന് വ്യാപനം അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്നതിനാല്‍ പോലീസ് കടുത്ത വകുപ്പുകള്‍ ഇത്തരക്കാര്‍ക്കെതിരേ ചുമത്തുന്നുണ്ട്. എന്‍ഡിപിഎ കൂടാതെ ചില കേസുകളില്‍ കാപ്പയും ചുമത്തിയിട്ടുണ്ട്. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ഉണ്ടാക്കിയ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഇത്തരക്കാരുടെ രണ്ടുകോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.