വോട്ടര്‍മാരെ കുറിച്ചുള്ള വിവരശേഖരണം ജില്ലയില്‍ മന്ദഗതിയില്‍ വില്ലേജ് ജീവനക്കാര്‍ ബിഎല്‍ഒ ഡ്യൂട്ടിക്ക്; പ്രതിഷേധം
1339121
Friday, September 29, 2023 1:02 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ മുടങ്ങികിടക്കുന്ന ഇലക്ഷന് പ്രവൃത്തികള്‍ വില്ലേജ് ജീവനക്കാര്‍ നിര്‍വഹിക്കണമെന്ന റവന്യൂ അധികാരികളുടെ ഉത്തരവ് വിവാദമാകുന്നു. ഓരോ ബൂത്തിലെയും വോട്ടര്‍മാരുടെ വീട് കയറിയുള്ള വിവരശേഖരണം നിര്‍വഹിക്കാന്‍ നിലവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ജില്ലയില്‍ വിവര ശേഖരണം മന്ദഗതിയിലായതിനാല്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് സര്‍വേ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തഹസില്‍ദാര്‍മാര്‍ ഉത്തരവിറക്കിയത്.
വില്ലേജിലെ ജോലി ഭാരത്തിന് പുറമെ ബിഎല്‍ഒമാരുടെ അധിക ജോലി കൂടി ചെയ്യാനുള്ള ഉത്തരവിനെതിരേ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതിയുമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരെയും അധ്യാപകരെയും അങ്കണവാടി പ്രവര്‍ത്തകരെയും ബിഎല്ഒഡ്യൂട്ടിയില് നിന്ന് ഒഴിവാക്കാന്‍ ഇലക്ഷന് കമ്മീഷന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നിലവിലുള്ള പ്രതിസന്ധിക്ക് തുടക്കമായത്.
സര്‍ക്കാര്‍ ജീവനക്കാരെ തന്നെ ബിഎല്‍ഒമാരായി നിയമിക്കണമെന്ന ഇലക്ഷന് കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ് റവന്യൂ വകുപ്പ് .നിലവില്‍ ഓഫീസ് ജോലിക്ക് പുറമെ ബിഎല്‍ഒ ഡ്യൂട്ടി കൂടി നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്ക് നാമമാത്രമായ ഓണറേറിയമാണ് നല്‍കുന്നതെന്നും വീട് കയറിയുള്ള സര്‍വേ പോലുള്ള പ്രവര്‍ത്തികള്‍ക്ക് പ്രത്യേക പ്രതിഫലം നല്‍കണമെന്നും ബിഎല്‍ഒമാര്‍ ആവശ്യപ്പെടുന്നു.