‘2 മില്യൺ പ്ലഡ്ജി’നൊപ്പം അണിചേരാൻ കോർപറേഷൻ
1568297
Wednesday, June 18, 2025 4:30 AM IST
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം "2 മില്യൺ പ്ലഡ്ജി'നൊപ്പം അണിചേരാൻ കോഴിക്കോട് കോർപറേഷനും. 20ന് കോർപറേഷൻ തലത്തിൽ വിപുലമായ കൺവൻഷൻ ചേരും. കോർപറേഷൻ പരിധിയിലെ ആളുകളും കോർപറേഷൻ കൗൺസിലർമാരും ജീവനക്കാരുമെല്ലാം പരിപാടിക്കൊപ്പം ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോർപറേഷൻ തലത്തിൽ പരിപാടി വൻ വിജയമാക്കുന്നതിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു.
26ന് ശേഷം ലഹരിക്കെതിരേ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആവിഷ്കരിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സഹായവും കോർപറേഷൻ വാഗ്ദാനം ചെയ്തു. ജില്ലയിലെ 20 ലക്ഷം മനുഷ്യരാണ് ഒരുമിച്ച് ഒരേ സമയം വിവിധ കേന്ദ്രങ്ങളിൽ വച്ച് ലഹരിക്കെതിരേ പ്രതിജ്ഞയെടുക്കുക.