ബസ് ഇടിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മരിച്ചു
1592972
Friday, September 19, 2025 10:32 PM IST
വടകര: വടകര പുതിയ സ്റ്റാൻഡില്‍ ബസ് ഇടിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മരിച്ചു. അടക്കാത്തെരുവിലെ പി.കെ. പുഷ്പവല്ലി (65) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അപകടം. സാരമായി പരിക്കേറ്റ പുഷ്പവല്ലിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളോടൊപ്പം കണ്ണൂരിലേക്ക് പോകുന്നതിന് ബസ് കയറാന്‍ പുതിയ സ്റ്റാൻഡിലേക്ക് നടന്നുവരുമ്പോള്‍ പയ്യോളി-വടകര റൂട്ടിലോടുന്ന ഹരേറാം ബസ് ഇടിച്ചാണ് അപകടം.
കൈക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മരിച്ചത്.
മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ പുഷ്പവല്ലി കോണ്‍ഗ്രസ് വടകര ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമാണ്. രണ്ട് തവണ വടകര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നിട്ടുണ്ട്. പരേതനായ ഗംഗാധരനാണ് ഭര്‍ത്താവ്. ലൗലി, അല്‍ക്ക എന്നിവര്‍ മക്കളാണ്.