ലഹരിക്കെതിരേ കലാ പ്രതിരോധമൊരുക്കി ജില്ലാ ഭരണകൂടം
1593137
Saturday, September 20, 2025 5:16 AM IST
ശ്രദ്ധേയമായി ഭീമൻ കാൻവാസ്
കോഴിക്കോട്: ലഹരിക്കെതിരേ കലയുടെ പ്രതിരോധമൊരുക്കി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ‘ആർട്ട് ഓവർ ഡ്രഗ്സ്’. ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഭീമൻ കാൻവാസിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പകരുന്ന ചിത്രം ഒരുക്കിയും കലാപരിപാടികൾ അവതരിപ്പിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്. പേരാമ്പ്ര ‘ദി ക്യാമ്പ്’ ചിത്രകാരന്മാരുടെ കൂട്ടായ്മയിലെ അംഗങ്ങളാണ് ഭീമൻ കാൻവാസിൽ വരയൊരുക്കിയത്. വിവിധ കാമ്പസുകളിലെ വിദ്യാർഥികൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു.
ലഹരിക്കെതിരേ ഷൂട്ട് ഔട്ട്, പഞ്ച് ദി സിഗരറ്റ്, ഹൈക്കു കവിത രചന മത്സരം, സ്പോട്ട് ക്വിസുകൾ, അഭിപ്രായ സർവേകൾ, ‘ഷെയർ ലവ് നോട്ട് ഡ്രഗ്സ്’ സെൽഫി കോർണറുകൾ എന്നിവയും ഒരുക്കി. ‘ആർട്ട് ഓവർ ഡ്രഗ്സ്’ ഉദ്ഘാടനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, ആസാദ് സേന ജില്ലാ കോഓർഡിനേറ്റർ ലിജോ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൾ കരീം,
ഡിസിഐപി കോഓർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള "പുതുലഹരിയിലേക്ക്' സമഗ്ര ലഹരിവിരുദ്ധ അവബോധ കാമ്പയിൻ, കേന്ദ്ര സർക്കാരിന്റെ "നശാമുക്ത് ഭാരത് അഭിയാൻ' പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്.
കെ.സി. രാജീവൻ, രഞ്ജിത്ത് പട്ടാണിപ്പാറ, പ്രജീഷ് പേരാമ്പ്ര, ബൈജൻസ് ചെറുവണ്ണൂർ, ബഷീർ ചിത്രകൂടം, നിതീഷ് തേക്കേലത്ത് തുടങ്ങിയവരാണ് ചിത്രംവരയ്ക്ക് നേതൃത്വം നൽകിയത്. പ്രൊവിഡൻസ് വിമൻസ് കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, സാമൂതിരി ഗുരുവായൂരപ്പൻ കോളജ്, ഐഎച്ച്ആർഡി കോളജ്,
ഹോളി ക്രോസ് കോളജ്, മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജ്, സെന്റ് ജോസഫ്സ് ദേവഗിരി കോളജ്, ജെഡിറ്റി പോളിടെക്നിക് കോളജ്, കെഎംസിടി ഡെന്റൽ കോളജ്, വടകര പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.