പൊന്നാങ്കയത്ത് വാഹനാപകടങ്ങൾ പതിവ്
1593148
Saturday, September 20, 2025 5:32 AM IST
പുല്ലൂരാംപാറ: മലയോര ഹൈവേ കടന്നുപോകുന്ന പുല്ലൂരാംപാറ പൊന്നാങ്കയം സ്കൂൾ പരിസരത്ത് വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ഇരുപത്തിരണ്ടോളം വാഹനാപകടങ്ങളാണുണ്ടായത്. ഏറ്റവുമൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പ്രദേശത്ത് മഴയുണ്ടായിരുന്നു. പുല്ലൂരാംപാറയിലെ ആം ഓഫ് ഹോപ് എന്ന സ്ഥാപനത്തിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ജീപ്പിന്റെ മുൻവശം ഭാഗികമായി തകർന്നിട്ടുണ്ട്.
തുഷാരഗിരി, അരിപ്പാറ, മറിപ്പുഴ, പൂവാറൻ തോട്, കക്കാടംപൊയിൽ തുടങ്ങിയ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റുമായി സദാസമയം വാഹനങ്ങളുടെ തിരക്കാണ്. റോഡ് വികസിപ്പിച്ചതോടെ ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ കുതിച്ചു പായുന്നത്.
മലയോരഹൈവേ കോടഞ്ചേരി- കക്കാടംപൊയിൽ റീച്ച് യാഥാർഥ്യമായതോടെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി.
കരിങ്കൽക്വാറികളും ക്രഷുകളും ധാരാളമുള്ള കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ടിപ്പറുകൾ ഉൾപ്പെടെ ഭാരവാഹനങ്ങളുടെയും എണ്ണം കൂടിവരുകയാണ്. പൊന്നാങ്കയം, പുല്ലൂരാംപാറ എന്നിവിടങ്ങളിലെ വിവിധ സ്കൂളിലെ വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാർ ആശ്രയിക്കുന്ന റോഡിലാണ് വാഹനങ്ങളുടെ മരണപ്പാച്ചിൽ.
ആയതിനാൽ വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.