കോഴിക്കോട് അതിരൂപതയുടെ ഭവന പദ്ധതി: 10 വീടുകളുടെ താക്കോൽദാനം നടത്തി
1593139
Saturday, September 20, 2025 5:16 AM IST
കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 200 വീടുകളുടെ പദ്ധതിയുടെ ഭാഗമായി വയനാട് പാക്കം പ്രദേശത്ത് നിർമിച്ച 10 ഭവനങ്ങളുടെ താക്കോൽദാനവും ആശീർവാദവും കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.
നിർമാണത്തിനായി സാമ്പത്തികമായി സഹായം നൽകിയ ബഥനി സന്യാസസഭ, അപ്പസ്തോലിക് കാർമൽ സന്യാസസഭ, കോഴിക്കോട് രൂപത സോഷ്യൽ സർവീസ് സൊസൈറ്റി (ജീവന) ഡയറക്ടർ ഫാ. ആൽഫ്രഡ്, കോഴിക്കോട് രൂപത കോർപറേറ്റ് അധ്യാപകർ എന്നിവരുടെ സഹകരണം ചടങ്ങിൽ നന്ദിയോടെ ഓർമിപ്പിച്ചു. ഭവനങ്ങളുടെ നിർമാണത്തിന് ഫാ. ജയ്സൺ കളത്തിൽപ്പറമ്പിലും സിസ്റ്റർ ജോസ്ലിനും ചേർന്ന് നേതൃത്വം വഹിച്ചു.
ഭവനങ്ങളുടെ സാങ്കേതിക രൂപകല്പനയും മേൽനോട്ടവും വഹിച്ച എൻജിനിയർ രാത്നേഷിനെ, പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിൽ നൽകിയ സേവനത്തിന് ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ സമ്മാനം നൽകി ആദരിച്ചു.
ഒരു മാസം മുമ്പ് കോഴിക്കോട് പൊറ്റമ്മലിൽ 10 ഭവനങ്ങൾ കൈമാറിയതായും ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മൊത്തം 200 വീടുകളുടെ പദ്ധതി നടപ്പാക്കുമെന്നും ആർച്ച് ബിഷപ് ഓർമിപ്പിച്ചു. നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജൻസൻ പുത്തൻവീട്ടിൽ, രൂപത പ്രൊക്യുറേറ്റർ ഫാ. പോൾ പേഴ്സി ഡി സിൽവ എന്നിവർ പ്രസംഗിച്ചു.