ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നു
1593145
Saturday, September 20, 2025 5:32 AM IST
ഒക്ടോബറോടെ 30 തദ്ദേശ സ്ഥാപനങ്ങളില്‍ രണ്ടാംഘട്ടം പൂര്‍ത്തിയാകും
കോഴിക്കോട്: ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ (പിബിആര്‍) പരിഷ്കരിച്ച രണ്ടാം ഭാഗത്തിന്റെ പ്രകാശനം ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തിയായി. ജൈവവിഭവങ്ങളെക്കുറിച്ച് പ്രദേശത്തെ ജനങ്ങള്‍ക്കുള്ള അറിവുകളും പതിറ്റാണ്ടുകളായി പ്രകൃതിയുമായുള്ള ഇടപെടലുകളിലൂടെ ആര്‍ജിച്ച നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൈവ വൈവിധ്യ രജിസ്റ്റര്‍ തയാറാക്കല്‍ ആരംഭിച്ചത്.
2023 ജൂണില്‍ കടലുണ്ടി പഞ്ചായത്തിലാണ് ജില്ലയില്‍ ആദ്യത്തെ പരിഷ്കരിച്ച രജിസ്റ്റര്‍ പുറത്തിറക്കിയത്. രാജ്യത്തെ തന്നെ ആദ്യത്തെ പരിഷ്കരിച്ച രജിസ്റ്റര്‍ ആയിരുന്നു ഇത്. അടുത്ത ദിവസങ്ങളില്‍ വില്യപ്പള്ളി, നൊച്ചാട് ഗ്രാമപഞ്ചായത്തുകളില്‍ പ്രകാശനം നടക്കുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രജിസ്റ്ററുകള്‍ പ്രകാശനം ചെയ്ത ജില്ലയാവും കോഴിക്കോട്.
പ്രാദേശിക തലത്തില്‍ വിഭവ സമാഹരണം നടത്തുന്നതിനും വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഇത്തരം രജിസ്റ്ററുകള്‍ അടിസ്ഥാന രേഖയാണെന്നും ഒക്ടോബറോടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ടാംഘട്ട ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനം പൂര്‍ത്തിയാവുമെന്നും ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ. മഞ്ജു പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നിരന്തര ഇടപെടലിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും അവര്‍ പറഞ്ഞു. 2009 മുതലാണ് കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനുകളിലും ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ തയാറാക്കല്‍ ആരംഭിച്ചത്.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേരിട്ടുള്ള സാങ്കേതിക മേല്‍നോട്ടത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ (ബിഎംസി) നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. 2019ല്‍ രജിസ്റ്റര്‍ തയാറാക്കല്‍ പൂര്‍ത്തിയാവുകയും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
ഇതോടെ ജൈവ വൈവിധ്യ നിയമവും ചട്ടങ്ങളും പ്രകാരം ജൈവ വൈവിധ്യ രജിസ്റ്റര്‍ പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം. ആകെ 1,034 രജിസ്റ്ററുകളാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി തയാറാക്കിയത്.
പിബിആറുകളില് പലതും തയാറാക്കിയിട്ട് പത്ത് വര്‍ഷത്തിലേറെയായതിനാല്‍ അവയിലെ വിവരങ്ങള്‍ പലതും കാലാനുസൃതമായി പുതുക്കേണ്ടതിനാലാണ് രണ്ടാംഘട്ടം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തയാറാക്കിയ പിബിആറുകളിലെ ന്യൂനതകള്‍ പരിഹരിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമായുള്ള പ്രളയം,
വരള്‍ച്ച ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം പരിസ്ഥിതി-ജൈവ-ആവാസവ്യവസ്ഥകള്ക്കുണ്ടായ മാറ്റങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ പ്രാദേശികതലത്തില്‍ ക്രോഡീകരിക്കാനും രണ്ടാം ഭാഗത്തിലൂടെ ലക്ഷ്യമിടുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ പരിധിയിലുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടന്നു വരുന്നത്.