കക്കയം ഡാം റോഡില്‍ കല്ലുകള്‍ അടിഞ്ഞത് ഭീഷണിയുയര്‍ത്തുന്നു
1601719
Wednesday, October 22, 2025 5:11 AM IST
കൂരാച്ചുണ്ട്: ശക്തമായ മഴയെ തുടര്‍ന്ന് കക്കയം ഡാം റോഡില്‍ പാറക്കല്ലുകള്‍ അടിഞ്ഞു കൂടിയത് ഭീഷണിയുയര്‍ത്തുന്നു. പിഡബ്ല്യുഡിയുടെ അധീനതയിലുള്ള ഡാം റോഡിലെ കക്കയം വാലിക്കു സമീപമാണ് കുന്നിന് മുകളില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കല്ലുകള്‍ കൂട്ടമായി റോഡിലേക്ക് പതിച്ചത്.
മൂന്നുദിവസമായിട്ടും കല്ലുകള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം അപകടഭീഷണിയുയര്‍ത്തുകയാണ് കല്ലുകള്‍. വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ ബുദ്ധിമുട്ടാണ്. ഡാം റോഡിന് ഓവുചാലുകള്‍ നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ റോഡിലൂടെയാണ് മഴവെള്ളത്തിന്റെ കുത്തൊഴുക്ക്. ഇത് റോഡുകള്‍ തകരുന്നതിനും ഇടയാക്കുന്നുണ്ട്.
റോഡിന്റെ മറുഭാഗം താഴ്ചയുള്ളതിനാല്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഭീഷണിയായി മാറിയിട്ടുണ്ട്. വിനോദസഞ്ചാരികളുടേതടക്കം അനുദിനം ഒട്ടനവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. റോഡിലെ കല്ലുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.