പുതുശേരിക്കടവ്-കക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി
1226458
Saturday, October 1, 2022 12:29 AM IST
പടിഞ്ഞാറത്തറ: പുതുശേരിക്കടവിൽനിന്നു തേർത്തുകുന്ന് വഴി കക്കടവിലേക്കുള്ള പഞ്ചായത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. പുഴയോരത്തുള്ള റോഡ് മഴക്കാലത്തു വെള്ളത്തിലാകും. ടാറിംഗ് ഇളകി തകരുന്ന റോഡ് നന്നാക്കാൻ പഞ്ചായത്ത് വല്ലപ്പോഴും അനുവദിക്കുന്ന ഫണ്ട് അപര്യാപ്തമാണ്.
ക്യത്യമായ നവീകരണം നടക്കാത്തതിനാൽ റോഡ് ഗതാഗത യോഗ്യമല്ലാതായി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാഡുകളിലൂടെ കടന്നുപോകുന്നതാണ് റോഡ്. ചെറുങ്ങാടി കോളനി, തേർത്തുകുന്ന്, മുണ്ടക്കുറ്റി, ചേര്യംകൊല്ലി, തരുവണ, വെള്ളമുണ്ട, അഞ്ചാംമൈൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഉപറോഡുമാണിത്.
കക്കടവ് പാലം വരെ എത്തുന്ന റോഡ് പ്രധാന ടൗണുകളിലെത്താനുള്ള എളുപ്പവഴിയുമാണ്. വികസന കൂട്ടായ്മ രൂപീകരിച്ചു റോഡ് എറ്റെടുക്കുന്നതിനു പൊതുമരാമത്ത് വകുപ്പിൽ സമ്മർദം ചെലുത്താനുള്ള നീക്കത്തിലാണ് നാട്ടുകാർ.