ഓണസ്റ്റി ഷോപ്പ് പ്രവർത്തനം ആരംഭിച്ചു
1226459
Saturday, October 1, 2022 12:29 AM IST
മുട്ടിൽ: ഡബ്ല്യുഒവിഎച്ച്എസ്എസ് മുട്ടിൽ സ്കൂളിൽ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണസ്റ്റി ഷോപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ സത്യസന്ധത വളർത്തിയെടുക്കുക എന്നതാണ് ഓണസ്റ്റി ഷോപ്പ് എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത്. കുട്ടികൾക്ക് വേണ്ട അവശ്യ വസ്തുക്കളാണ് ഓണസ്റ്റി ഷോപ്പിലുള്ളത്. കടകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിലാണ് എല്ലാ സാധനങ്ങളും ഓണസ്റ്റി ഷോപ്പിൽ ലഭ്യമാക്കുന്നത്. സാധനങ്ങളുടെ വില വിവര പട്ടിക ഷോപ്പിൽ ഒട്ടിച്ച് വയ്ക്കും.
എസ്പിസി സീനിയർ കേഡറുകളുടെ മേൽനോട്ടത്തിൻ നടക്കുന്ന ഷോപ്പിൽ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വിദ്യാർഥികൾ തന്നെ ഷോപ്പ് തുറന്ന്, സാധനങ്ങൾ എടുത്ത്, പണം ഷോപ്പിലെ പണപ്പെട്ടിയിൽ വച്ച് ഷോപ്പ് പൂട്ടി താക്കോൽ യഥാസ്ഥാനത്ത് വയ്ക്കുന്ന രീതിയിലാണ് പ്രവർത്തിക്കുക. എച്ച്എം മൊയ്തു അധ്യക്ഷത വഹിച്ചു. എസ്പിസി ജില്ല എഡിഎൻഒ വി.വി. ഷാജൻ, വാർഡ് അംഗം പാണന്പറന്പൻ ബഷീർ, സ്റ്റാഫ് സെക്രട്ടറി കെ. റംല, അബ്ദുൾ ബാരി, സി.കെ. ജാഫർ, എം. മുസ്തഫ, ടി. അഷ്കർ, കെ. നിത്യ, എം. ജസീത, യു. റസീന, കെ.എ. മുസ്തഫ എന്നിവർ പ്രസംഗിച്ചു. സിപിഒ പി.എം. ജൗഹർ സ്വാഗതവും കേഡറ്റ് അഹമ്മദ് സമീൽ നന്ദിയും പറഞ്ഞു.