സർക്കാരുകളുടെ അവഗണനക്കെതിരേ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: ടി. സിദ്ദിഖ്
1244656
Thursday, December 1, 2022 12:22 AM IST
അന്പലവയൽ: ജില്ലയോടും തൊഴിലാളികളോടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അവഗണനക്കെതിരേ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകാൻ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. ഇതിനായി എല്ലാ വിഭാഗം തൊഴിലാളികളെയും ഒറ്റക്കെട്ടായി രംഗത്തിറക്കാൻ ഐഎൻടിയുസി നേതൃപരമായ പങ്കു വഹിക്കണമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റുകൂടിയായ എംഎൽഎ പറഞ്ഞു.
ജില്ലയിലെ തൊഴിലാളികളും കർഷകരും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ്. വന്യമൃഗ ശല്യം കാരണം ജീവനും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. തൊഴിലാളികൾക്ക് ആശ്വാസമേകേണ്ട സർക്കാറുകൾ കണ്ണടച്ചിരുട്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അന്പലവയലിൽ നടന്ന ഐഎൻടിയുസി നേതൃത്വ പരിശീലന ക്യാന്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ മൂന്നിന് വിലക്കയറ്റത്തിനെതിരേ സായാഹ്ന ധർണയും പന്തംകൊളുത്തി പ്രതിഷേധവും സംഘടിപ്പിക്കും. ഐഎൻടിയുസി ജില്ലാപ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. കെ.കെ. ഏബ്രഹാം, സി. ജയപ്രസാദ്, ബി. സുരേഷ് ബാബു, ടി.എ. റെജി, ഉമ്മർ കുണ്ടാട്ടിൽ, എ.പി. കുര്യാക്കോസ്, സി.എ. ഗോപി, ശ്രീനിവാസൻ തൊവരിമല, കെ.എം. വർഗീസ്, ഗിരീഷ് കൽപ്പറ്റ, പി.എൻ. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.