ഉച്ചഭക്ഷണ പദ്ധതി വിഹിതം വർധിപ്പിക്കണം: കെഎസ്ടിഎ
1246133
Tuesday, December 6, 2022 12:03 AM IST
കാട്ടിക്കുളം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതം വർധിപ്പിക്കണമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാന്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജില്ലയിലെ കുടുംബങ്ങളിലേയും ഗോത്ര വിഭാഗങ്ങളിലെയും കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ ഈ പദ്ധതി സഹായിച്ചിട്ടുണ്ട്.
എന്നാൽ നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില ഗണ്യമായി വർധിക്കുന്നതിനാൽ ഉച്ചഭക്ഷണ പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ വിദ്യാലയങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഇതിന് പരിഹാരമായി പദ്ധതിക്ക് നൽകിവരുന്ന വിഹിതം വർധിപ്പിക്കണം. പനമരം കേന്ദ്രമാക്കി വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്താനുള്ള നീക്കം പ്രതിരോധിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി. ഭാരവാഹികളായി എ.ഇ. സതീഷ് ബാബു(പ്രസിഡന്റ്), എ.കെ. സന്തോഷ്, എം.വി. സമിത, ജാസ്മിൻ തോമസ്, ബിനുമോൾ ജോസ് (വൈസ് പ്രസിഡന്റുമാർ), വിത്സണ് തോമസ്(സെക്രട്ടറി), കെ.ടി. വിനോദൻ, പി. ബിജു, എ.കെ. സുകുമാരി, എൻ. മുരളീധരൻ(ജോയിന്റ് സെക്രട്ടറിമാർ), ടി. രാജൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.