വ്യാജ വികലാംഗരെ സർക്കാർ സർവീസിൽനിന്നു നീക്കണം: വികലാംഗ അസോസിയേഷൻ
1246829
Thursday, December 8, 2022 1:12 AM IST
മാനന്തവാടി: വികലാംഗർക്ക് സംവരണം ചെയ്ത ജോലി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുപയോഗിച്ച് തട്ടിയെടുത്തവർക്കെതിരായ നടപടി വൈകുന്നതിൽ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
സംഘടന നടത്തിയ സമരങ്ങളെത്തുടർന്നു പുനരന്വേഷണത്തിൽ ജില്ലയിൽ സർക്കാർ സർവീസിലുള്ളതിൽ 15 പേർ വ്യാജ വികലാംഗരാണെന്നു കണ്ടെത്തിയിരുന്നു. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇവരിൽ ഒരാളെ മാത്രമാണ് പിരിച്ചുവിട്ടത്. ഇക്കാലയളവിൽ വ്യാജ വികലാംഗരിൽ ചിലർ പെൻഷൻ പറ്റി. വ്യാജരെന്ന് തെളിഞ്ഞവർ പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ, ഐടിഡിപി, പിഡബ്ല്യുഡി, പൊതു വിദ്യാഭ്യാസ ഓഫീസുകളിൽ ഇപ്പോഴും തുടരുന്നുണ്ട്. വിവിധ സർവീസ് സംഘടനകളിൽ ചുമതല വഹിക്കുന്ന ഇവർക്കെതിരേ ശബ്ദിക്കുന്നതിന് വകുപ്പ് മേധാവികൾ ഭയക്കുകയാണ്.
അനർഹമായി ജോലി സന്പാദിച്ചവരെ പിരിച്ചുവിടാൻ സർക്കാർ തയാറാകാത്തത് ഇത്തരത്തിൽ കൂടുതൽ പേർ ജോലിയിൽ പ്രവേശിക്കുന്നതിന് വഴിവച്ചിട്ടുണ്ട്. വ്യാജ വികലാംഗനെന്നു തെളിഞ്ഞയാളുടെ ബന്ധുക്കൾ പോലും വഴിവിട്ടു നേടിയ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ പിഎസ്സി മുഖേന നിയമനം കരസ്ഥമാക്കിയിട്ടുണ്ട്. കേൾവി, കാഴ്ച പരിമിതിയുള്ളവർക്ക് സംവരണം ചെയ്ത തസ്തികകളാണ് തട്ടിപ്പിലൂടെ അനർഹർ കൈക്കലാക്കുന്നതെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാർക്കുള്ള നിയമനം പിഎസ്സി വഴി നേടിയ മുഴുവൻ ആളുകളെയും പുനഃപരിശോധനയ്ക്കു വിധേയമാക്കുക, അനർഹരെ ഉടൻ പിരിച്ചുവിടുക, വ്യാജരെന്ന് തെളിഞ്ഞവർക്ക് തടസമില്ലാതെ പെൻഷൻ പറ്റാൻ സഹായിച്ച മേലുദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് ജോർജ് ഇല്ലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. സാബു, പി.പി. വിജയകുമാരി, എം. ഹരിദാസ്, സി.എസ്. ഷിജു, കെ.എം. ഫ്രാൻസിസ്, റോബിൻ പയ്യന്പള്ളി, സിസിലി റോയി എന്നിവർ പ്രസംഗിച്ചു.