കടുവ, പുലി ശല്യം: ക്ഷമയുടെ അതിരുകണ്ട് പൊൻമുടിക്കോട്ട നിവാസികൾ
1262610
Saturday, January 28, 2023 12:44 AM IST
കൽപ്പറ്റ: കടുവ, പുലി ശല്യത്തിൽ നട്ടംതിരിഞ്ഞ് വയനാട്ടിലെ പൊൻമുടിക്കോട്ടയിലും സമീപദേശങ്ങളിലുമുള്ള ജനം. നെൻമേനി പഞ്ചായത്തിൽ എടക്കൽ റോക്ക് ഷെൽട്ടറിനു അടുത്തുള്ള പൊൻമുടിക്കോട്ട ആവാസകേന്ദ്രമാക്കിയ കടുവകളും പുലികളും ജനത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്. നെൻമേനി പഞ്ചായത്തിൽ പൊൻമുടിക്കോട്ടയോടു ചേർന്നുകിടക്കുന്ന എടക്കൽ, കുപ്പക്കൊല്ലി, അന്പുകുത്തി, ഗോവിന്ദൻമൂല, മലവയൽ, സുൽത്താൻ ബത്തേരി നഗരസഭയിൽ ഉൾപ്പെടുന്ന കരടിമൂല, പൂതിക്കാട്, അന്പലവയൽ പഞ്ചായത്തിൽപ്പെട്ട കുപ്പമുടി, മട്ടപ്പാറ പ്രദേശങ്ങളും വിഹാരഭൂമിയാക്കിയിരിക്കയാണ് കടുവകളും പുലികളും.
പൊൻമുടിക്കോട്ട ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നതുപ്രകാരം മൂന്നു കടുവകളും രണ്ട് പുലികളുമാണ് കഴിഞ്ഞ 70ൽ അധികം ദിവസങ്ങളായി ജനവാസകേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുന്നത്. കടുവകളിൽ രണ്ടെണ്ണം നവംബർ 17ന് പൊൻമുടിക്കൊട്ടയിൽ കൂടുവച്ച് പിടിച്ച പെണ്‍കടുവയുടെ മക്കളാണെന്നും അവർ പറയുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒന്‍പത് ആടുകളാണ് കടുവ-പുലി ആക്രമണത്തിൽ ചത്തത്. ഏഴ് വളർത്തുനായ്ക്കളെ കൊന്നു. രണ്ടു പശുക്കൾക്കുനേരേയും ആക്രമണം ഉണ്ടായി. പൊൻമുടിക്കോട്ടയിലും സമീപങ്ങളിലും കുറച്ചുകാലമായി ലോക്ഡൗണ്‍ പ്രതീതിയാണെന്നു ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.കെ. സുരേഷ്, ജോയിന്റ് സെക്രട്ടറി കെ.കെ. ബിജു, മറ്റു ഭാരവാഹികളായ പി. മാർട്ടിൻ, പി.എസ്. സജിത്, കുപ്പമുടി ഐശ്വര്യ ലൈബ്രറി സെക്രട്ടറി എൻ.എസ്. ഷിനോജ്, നെൻമേനി പഞ്ചായത്തംഗം ബിജു ഇടയനാൽ എന്നിവർ പറഞ്ഞു.
വൈകുന്നേരം ആറു കഴിഞ്ഞാൽ നേരം നന്നേ പുലരുന്നതുവരെ അടിയന്തര കാര്യങ്ങൾ ഉണ്ടായാൽ മാത്രമാണ് ആളുകൾ വീടിനു പുറത്തിറങ്ങുന്നത്. കടകൾ നേരത്തേ അടച്ച് വീടുപറ്റുകയാണ് വ്യാപാരികൾ. രാവിലെ പാൽ അളവുകേന്ദ്രങ്ങളിലേക്കും തിരിച്ചും പ്രാണൻ കൈയിൽ പിടിച്ചാണ് ക്ഷീര കർഷകരുടെ യാത്ര. പലരും പശുക്കളെയും ആടുകളെയും വിറ്റൊഴിവാക്കുകയാണ്. തോട്ടങ്ങളിലേക്കും മറ്റും തൊഴിലാളികൾ ജോലിക്കു പോകുന്നതും വേല ചെയ്യുന്നതും തിരികെ വീടുകളിലെത്തുന്നതും ഭീതിയോടെയാണ്.
കാൽപാടുകൾ പരിശോധിച്ചും മറ്റും കടുവ, പുലി സാന്നിധ്യം വനപാലകർ സ്ഥിരീകരിച്ചതാണ്. കടുവ-പുലി നിരീക്ഷണത്തിനു പൊൻമുടിക്കോട്ടയിലും സമീപങ്ങളിലൂമായി എട്ട് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് കൂടുകളും വച്ചിട്ടുണ്ട്. കൂടുകളിൽ ഒന്ന് ഇന്നലെയാണ് എത്തിച്ചത്. കഴിഞ്ഞ 23ന് പൊൻമുടിക്കോട്ടയിലെത്തിയ സൗത്ത് വയനാട് ഡിഎഫ്ഒയെ ജനം ആശങ്ക അറിയിച്ചിരുന്നു. പിറ്റേന്നു ചേർന്ന സർവകക്ഷി പൊതുയോഗത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. വനം മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട എംഎൽഎയ്ക്കു കടുവ-പുലി ശല്യത്തിന്റെ പരിഹാരത്തിനു സത്വര നടപടി മന്ത്രി വാഗ്ദാനം ചെയ്തെങ്കിലും മെല്ലെപ്പോക്കിലാണ് വനസേന.
പ്രശ്ന പരിഹാരത്തിനുമായ സമരം സംഘടിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം. ഇതിന്റെ ഭാഗമായി 31ന് രാവിലെ 10ന് ആയിരംകൊല്ലിയിൽ കൊളഗപ്പാറ-അന്പലവയൽ റോഡ് ഉപരോധിക്കുമെന്ന് കമ്മിറ്റി ചെയർമാൻ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഉദാസീനത തുടർന്നാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയ പരിസരത്തേക്കു സമരം വ്യാപിപ്പിക്കും. അതിനിടെ, പൊൻമുടിക്കോട്ടയിലെ വന്യജീവി പ്രശ്നം പരിഹരിക്കുന്നതിനു നീക്കം ഉൗർജിതമാണെന്നു വനം അധികൃതർ അറിയിച്ചു. കടുവകളെയും പുലികളെയും പിടികൂടുന്നതിനു കൂടുകൾ സ്ഥാപിച്ചതിനു പുറമേ തെരച്ചിൽ നടത്തിവരികയാണെന്നും അവർ അറിയിച്ചു.