എടവകയിൽ ടൂറിസം ഗ്രാമസഭ നടത്തി; പയിങ്ങാട്ടിരിയിൽ പാർക്ക് നിർമിക്കും
1263507
Tuesday, January 31, 2023 12:00 AM IST
മാനന്തവാടി: എടവക പഞ്ചായത്തിന്റെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് തയാറാക്കിയ പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേക ടൂറിസം ഗ്രാമസഭ ചേർന്നു. പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജെൻസി ബിനോയി, ഷിഹാബ് അയാത്ത്, സൃഷ്ടി ഫാക്കൽറ്റി അംഗങ്ങളായ നരേന്ദ്ര രഘുനാഥ്, ഡോ.ശതരൂപ ഭട്ടാചാര്യ, ഫാ. ജയിംസ് ചക്കിട്ടക്കുഴി, എം. ഗംഗാധരൻ, കെ.എം. ഷിനോജ്, പി.സി. സനത്ത്, അയൂബ് തോട്ടോളി, എ. ബാലകൃഷ്ണൻ, കെ.എഫ്. തോമസ്, ജോസഫ് പള്ളത്ത്, കെ. ദാവൂദ്, ലത മനോജ്, സെക്രട്ടറി എൻ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനകളായ ’ഇക്വേഷൻ’, ’കബനി’, ആർട്സ് ആൻഡ് ഡിസൈൻ സ്ഥാപനമായ ’സൃഷ്ടി’ എന്നിവരുമായി സഹകരിച്ചാണ് ടൂറിസം പ്രോജക്ടുകൾക്കും വ്യത്യസ്ഥ മാതൃകകൾക്കും പഞ്ചായത്ത് രൂപം നൽകുന്നത്. പദ്ധതി നടത്തിപ്പിനും മേൽനോട്ടത്തിനുമായി ടൂറിസം ക്ലബുകൾക്ക് രൂപം നൽകും.
ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ പയിങ്ങാട്ടിരിയിൽ 1.25 ഏക്കർ സ്ഥലത്ത് പാർക്ക് നിർമിക്കാൻ ഗ്രാമസഭ തീരുമാനിച്ചു. കുളം നവീകരണം, ഹെറിറ്റേജ് മ്യൂസിയം, ലേഡീസ് ഫിറ്റ്നെസ് സെന്റർ, ആംഫി തിയറ്റർ, ഫെസിലിറ്റേഷൻ സെന്റർ, ശുചി മുറികൾ, കുട്ടികളുടെ പാർക്ക് നിർമാണം എന്നിവ നടത്തും, കോഫി ഷോപ്പ്, തനത് ഉത്പപന്നങ്ങളുടെ വിപണന കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കും.