കർഷകൻ ജീവനൊടുക്കി; ജപ്തി ഭീഷണി മൂലമെന്ന് ബന്ധുക്കൾ
1263912
Wednesday, February 1, 2023 10:05 PM IST
പുൽപ്പള്ളി: സംസ്ഥാന അതിർത്തിക്കടുത്ത് ബൈരക്കുപ്പയിൽ വിഷം അകത്തുചെന്ന നിലയിൽ രണ്ടു ദിവസം മുന്പ് കണ്ടെത്തിയ കർഷകൻ മരിച്ചു. ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടിയാണ് (70) ഇന്നലെ പുലർച്ചെ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കൃഷ്ണൻകുട്ടി ജീവനൊടുക്കിയതിനു പിന്നിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ജപ്തി ഭീഷണിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. 2013ൽ ബത്തേരി സഹകരണ കാർഷിക വികസന ബാങ്കിൽനിന്നു കൃഷ്ണൻകുട്ടി ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
രണ്ടു വർഷം പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികൾ നശിച്ചതിനാൽ വായ്പ തിരിച്ചടവ് നടന്നില്ല. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് പല തവണ നോട്ടീസ് അയച്ചിരുന്നു. നിലവിൽ പലിശയും പിഴപ്പലിശയുമടക്കം 2.4 ലക്ഷം രൂപയാണ് കുടിശിക. നിയമോപദേശകനെ കൂട്ടി ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയും ജപ്തി ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അർബുദ ബാധിതനുമായ കൃഷ്ണൻകുട്ടിയുടെ ആത്മഹത്യ. 2014ൽ ഭാര്യയുടെ പേരിൽ മറ്റൊരു സഹകരണ ബാങ്കിൽ നിന്നെടുത്ത 13,500 രൂപയുടെ വായ്പയും കുടിശികയാണ്. ഭാര്യ വിലാസിനിയും മനോജ്, പ്രിയ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.