ഭക്ഷ്യ സംസ്കരണ സംരംഭകർക്ക് മൂലധന സബ്സിഡി
1264380
Friday, February 3, 2023 12:08 AM IST
കൽപ്പറ്റ: ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥിരമൂലധന സബ്സിഡിയും സംസ്ഥാന സർക്കാർ പ്രവർത്തന മൂലധന വായ്പയിൽ പലിശ സബ്സിഡിയും നൽകും. വ്യക്തിഗത സംരംഭങ്ങൾക്ക് സ്ഥിര മൂലധനത്തിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി മൂന്ന് കോടി രൂപ വരെയും സബ്സിഡിയായി ലഭിക്കും.
ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനി, ചാരിറ്റബിൾ സൊസൈറ്റി, സഹകരണ സംഘം തുടങ്ങിയവയാണ് ഗ്രൂപ്പ് സംരംഭങ്ങൾ. കുടുംബശ്രീ വ്യക്തിഗത സംരംഭത്തിന് 40,000 രൂപ റിവോൾവിഗ് ഫണ്ടും അനുവദിക്കും. പുതിയതായി തുടങ്ങുന്ന സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും പദ്ധതിയിൽ ആനുകൂല്യം നേടാം.
കരകൗശല മേഖലയിലെ പുതിയ സംരംഭങ്ങൾക്ക് 50 ശതമാനം വരെയാണ് മൂലധന സബ്സിഡി ലഭിക്കുക. മെഷിനറി, ടൂൾസ് എന്നിവ വാങ്ങുന്നതിനും വനിത, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, യുവജനങ്ങൾ എന്നിവർക്കും സ്ഥിരാസ്തിയുടെ 50 ശതമാനവും മറ്റുള്ളവർക്ക് 40 ശതമാനവും സബ്സിഡിയായി നൽകും.
ബാങ്ക് ലോണ്‍ വഴി സംരംഭം ആരംഭിച്ചവർക്കും സ്വന്തം ഫണ്ട് ഉപയോഗിച്ച് ആസ്തികൾ വാങ്ങുന്നവർക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. കരകൗശല തൊഴിലാളികൾക്ക് ആവശ്യമായ കേന്ദ്ര സർക്കാരിന്റെ തിരിച്ചറിയൽ കാർഡും ജില്ലാ വ്യവസായ കേന്ദ്രം എടുത്തു നൽകും. സഹകരണ ഇൻസ്പെക്ടർ വൈത്തിരി ഫോണ്‍: 7907352630, 9526765824.