വരൾച്ചയെ വരുതിയിലാക്കാൻ ജില്ലയിൽ നിർമിച്ചത് 27 കുളങ്ങൾ
1279755
Tuesday, March 21, 2023 11:17 PM IST
കൽപ്പറ്റ: ജലക്ഷാമം നേരിടാൻ ജില്ലിയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിച്ചത് 27 കാർഷിക കുളങ്ങൾ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് വെങ്ങപ്പളളി പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും. ജല സംരക്ഷണത്തിന്റെ ആവശ്യകത, തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. രണ്ട് സെന്റ് മുതൽ 10 സെന്റ് വരെയുള്ള കാർഷിക ആവശ്യങ്ങൾക്കുള്ള 23 കുളങ്ങളുടെ നിർമാണവും മൂന്ന് പൊതു കുളങ്ങളുടെ പുനരുദ്ധാരണവും പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു.
ഭൂഗർഭ ജലനിരപ്പിലുണ്ടായിട്ടുള്ള കുറവ് പരിഹരിക്കുന്നതിന് ജലസംരക്ഷണ പ്രവൃത്തികളായ കുളങ്ങൾ, തടയണകൾ, മഴക്കുഴികൾ, കിണർ റീചാർജ് സംവിധാനങ്ങൾ മുതലായവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കും. 3270 പ്രവൃത്തികളിലായി 31.71 കോടി രൂപയാണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്. ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് 2,000 കുളങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ ലക്ഷ്യം പൂർത്തീകരിച്ചത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അധ്യക്ഷർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കും.