വനസൗഹൃദ സദസ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മാനന്തവാടിയിൽ
1283302
Saturday, April 1, 2023 11:28 PM IST
മാനന്തവാടി: വനസൗഹൃദ സദസ് സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് മാനന്തവാടി സെന്റ് പാട്രിക് സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളിലെയും രാഷ്ട്രീയ, കാർഷിക സംഘടനകളിലെയും പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കുന്ന ആശയ സംവാദ സദസാണ് വനസൗഹൃദ സദസ്. ചടങ്ങിൽ വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. പട്ടികവർഗ-പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. നോർത്തേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.എസ്. ദീപ ആമുഖ പ്രഭാഷണം നടത്തും. എംഎൽഎമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, മുഖ്യ വനം മേധാവി ബെന്നിച്ചൻ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, ജില്ലാ കളക്ടർ ഡോ.രേണുരാജ്, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാർട്ടിൻ ലോവൽ തുടങ്ങിയവർ പങ്കെടുക്കും.
തെരഞ്ഞെടുത്ത കർഷക സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുമായി രാവിലെ 11ന് മുഖ്യമന്ത്രി സംവദിക്കും.