പ്ലസ് വണ്‍: വയനാട്ടിൽ കുറവ് രണ്ടായിരത്തോളം സീറ്റുകൾ
1300667
Wednesday, June 7, 2023 12:06 AM IST
കൽപ്പറ്റ: ജില്ലയിൽ ഈ വർഷം എസ്എസ്എൽസി എഴുതി ഉപരിപഠനത്തിനു യോഗ്യത നേടിയതിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്കു പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല. ആവശ്യത്തിനു ഹയർ സെക്കൻഡറി ബാച്ചുകൾ ഇല്ലാത്തതാണ് ഈ അവസ്ഥയ്ക്കു കാരണം.
ജില്ലയിൽ ഇക്കുറി 11,600 വിദ്യാർഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിനു യോഗ്യത നേടിയത്. ഇതിൽ 2,793 പേർ പട്ടികജാതി-വർഗ വിഭാഗങ്ങളിലുള്ളവരാണ്. ജില്ലയിൽ വിവിധ വിദ്യാലയങ്ങളിലായി നിലവിൽ 9,814 പ്ലസ് വണ്‍ സീറ്റുകളാണ് ഉള്ളത്.
സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വണ്‍ അലോട്ട്മെന്റ് നടത്തുന്നത് വിദ്യാർഥികളോടുള്ള വഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ് ഷെരീഫ്, ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ, സെക്രട്ടറി പി.എ. ഇബ്രാഹിം, ഫ്രറ്റേനിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് പി.എച്ച്. ലത്തീഫ് എന്നിവർ പറഞ്ഞു. പുതിയ ബാച്ചുകൾ അനുവദിച്ചും ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയായി ഉയർത്തിയും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ജില്ലാ വിദ്യാഭ്യാസ ഉപഡറക്ടർ ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് അവർ അറിയിച്ചു. മാർച്ച് രാവിലെ 10ന് പുതിയ സ്റ്റാൻഡ് പരിസരത്ത് ആരംഭിക്കും.
തെക്കൻ ജില്ലകളിൽ വിദ്യാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വണ്‍ ബാച്ചുകൾ മലബാർ ജില്ലകളിലേക്ക് പുനഃക്രമീകരിക്കാമെന്ന പ്രഫ.കാർത്തികേയൻ നായർ സമിതി ശിപാർശ നടപ്പാക്കണമെന്നു വെൽഫെയർ പാർട്ടി-ഫ്രറ്റേനിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.