കടമാൻതോട് പദ്ധതി നടപ്പാക്കണം: സിപിഎം
1335310
Wednesday, September 13, 2023 2:52 AM IST
പുൽപ്പള്ളി: കടമാൻതോട് ജലസേചന പദ്ധതി പ്രാവർത്തികമാക്കുന്നതിനു നടപടികൾ വേഗത്തിലാക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊടിയ ജലക്ഷാമത്തിന്റെ വക്കിലാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ. മഴയുടെ അളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ 56 ശതാമാനം കുറവാണ് രേഖപ്പെടുത്തിയത്. പുൽപ്പള്ളി മേഖലയിൽ ഇത് 64 ശതമാനമാണ്. കടുത്ത വരൾച്ചയിലേക്ക് നാടുനീങ്ങുന്പോൾ അതിജീവനമാർഗം കടമാൻതോട് പദ്ധതിയാണ്.
ശാസ്ത്രീയ പഠനത്തിലൂടെ ഇത് തെളിയിക്കപ്പെട്ടതാണ്. ജനങ്ങൾ ആശങ്കപ്പെടുന്നതുപോലെ വൻകിട പദ്ധതി പ്രദേശത്തിനു യോജിച്ചതല്ല. ജനങ്ങളുടെ കഷ്ടനഷ്ടങ്ങൾ പരമാവധി ഒഴിവാക്കുന്ന പദ്ധതിയാണ് നടപ്പാക്കേണ്ടത്. നിലവിലുള്ള കുടിവെള്ള സ്രോതസുകളിലും മറ്റു ജലാശയങ്ങളിലും കർക്കട മാസത്തിൽപോലും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
കാർഷികമേഖല തകർന്നപ്പോൾ കർഷകരിൽ ഏറയും ഉപജീവനത്തിനു ആശ്രയിച്ചത് ക്ഷീരവൃത്തിയെയാണ്. ജലലഭ്യത കുറഞ്ഞതോടെ കർഷകർ പശുവളർത്തലിൽനിന്നു പിൻമാറുകയാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ പല ക്ഷീര സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കബനി തീരത്തുള്ള മരക്കടവ്, കൊളവള്ളി പ്രദേശങ്ങളിൽ പാടങ്ങളിൽ വെള്ളം ഇല്ലാത്തതിനാൽ കർഷകർ നെൽകൃഷി ഉപേക്ഷിക്കുകയാണ്. ചേകാടി, ആലൂർകുന്ന്, കന്നാരപ്പുഴ പ്രദേശങ്ങളിലും നെൽകൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്.
പുൽപ്പള്ളി, മുള്ളൻകൊല്ലി ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഒരു വിഭാഗം ആളുകൾക്കിടയിൽ ഉയർന്ന ആശങ്കയാണ് കടമാൻതോട് പദ്ധതി വിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപീകരണത്തിലേക്ക് നയച്ചത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ ബാധ്യതയുള്ള സ്ഥലം എംഎൽഎയും പഞ്ചായത്ത് ഭരണസമിതികളും കാഴ്ചക്കാരായി നിൽക്കുന്നത് പ്രതിഷേധാർഹമാണ്. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് ജില്ലാ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ മാത്രമാണ് എംഎൽഎ സർവകക്ഷി യോഗത്തിന് തയാറായത്.
ജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാകാതെ പദ്ധതി നടപ്പാക്കാൻ സാധിക്കണം. ഒഴിഞ്ഞുപോകേണ്ടവർക്കുള്ള നഷ്ടപരിഹാരവും മറ്റുസാന്പത്തിക സഹായവും സംബന്ധിച്ച് വ്യക്തത വരുത്താൻ എംഎൽഎ ഉൾപ്പെടെയുള്ളവർ മുൻകൈയെടുക്കണം. പദ്ധതിയുടെ ഭൂതല സർവേ കഴിഞ്ഞു. ഏരിയൽ സർവേയ്ക്കു ടെൻഡർ നടപടികൾ പൂർത്തിയായി.
ഡൽഹി ആസ്ഥാനമായുള്ള കന്പനി മൂന്നുമാസത്തിനകം സർവേ പൂർത്തിയാക്കുമെന്നാണ് അറിയിച്ചത്. ജലം സംഭരിച്ചു നിർത്തിയാൽ മാത്രമേ ഭാവിയിൽ മേഖലയിൽ ഭൂഗർഭ ജലനിരപ്പ് ഉയരൂ. ഇക്കാര്യം തിരിച്ചറിഞ്ഞ് ഏവരും പദ്ധതിയുമയി സഹകരിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എം.എസ്. സുരേഷ്ബാബു, സജി മാത്യു തൈപ്പറന്പിൽ, ബിന്ദു പ്രകാശ് എന്നിവർ പങ്കെടുത്തു.