വയനാട്ടില്‍ കനത്തമഴ തുടരുന്നു; കല്‍പ്പറ്റയില്‍ മലവെള്ളപ്പാച്ചില്‍
1437052
Thursday, July 18, 2024 7:25 AM IST
കല്‍പ്പറ്റ: വയനാട്ടില്‍ കാലവര്‍ഷം തകര്‍ത്തുപെയ്യുന്നു. കനത്ത മഴയാണ് ചൊവ്വാഴ്ച രാത്രിയും ഇന്നലെയും ജില്ലയില്‍ ലഭിച്ചത്. കല്ലൂര്‍ പുഴ, നൂല്‍പ്പുഴ പുഴ, വെണ്ണിയോട് വലിയപുഴ, ചെറിയപുഴ, പനമരം പുഴ, വരദൂര്‍ പുഴ എന്നിവ ചില ഭാഗങ്ങളില്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴും വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ രണ്ടു വീതവും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ ഹൈസ്കൂള്‍, മുത്തങ്ങ ജിഎല്‍പി സ്കൂള്‍, ചെട്ട്യാലത്തൂര്‍ അങ്കണവാടി, കല്ലിന്‍കര ഗവ. യുപി സ്കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലും വൈത്തിരി താലൂക്കിലെ പറളിക്കുന്ന് ഡബ്ല്യുഒഎല്‍പി സ്കൂള്‍, തരിയോട് ജിഎല്‍പി സ്കൂളിലും മാനന്തവാടി താലൂക്കിലെ ജിഎച്ച്എസ്എസ് പനമരം, അമൃത വിദ്യാലയം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

11 ക്യാമ്പിലുമായി 98 കുടുംബത്തിലെ 332 പേരുണ്ട്. ഇതില്‍ 72 പേര് കുട്ടികളാണ്. 89 പേര് ബന്ധുവീടുകളിലേക്ക് താമസം മാറ്റി. ജില്ലയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഒഴികെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശീ ഇന്നു അവധി പ്രഖ്യാപിച്ചു. കനത്ത മഴയില്‍ അങ്ങിങ്ങ് നാശനഷ്ടമുണ്ട്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 28 വീട് ഭാഗികമായി തകര്‍ന്നു. 25 ഏക്കറില്‍ കൃഷിനശിച്ചു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു.
കല്‍പ്പറ്റ ബൈപാസില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. മൈലാടിപ്പാറയിലെ പഴയ ക്വാറിയില്‍ കെട്ടിക്കിടന്ന വെള്ളമാണ് പൊട്ടിയൊഴുകി രാവിലെ ആറരയോടെ ബൈപാസില്‍ എത്തിയത്. പാതയില്‍ മലയ്ക്കു താഴെ ഭാഗത്ത് മണ്ണും പാറക്കഷണങ്ങളും ചെറുമരങ്ങളു അടിഞ്ഞു. ഇത് ഭാഗിക ഗതാഗത തടസത്തിനു കാരണമായി. മേപ്പാടി പൂത്തകൊല്ലിയില്‍ നായരുവീട്ടില്‍ അബ്ദുള്‍സലാമിന്റെ വീടിനു മുകളിലേക്ക് അയല്‍വാസിയായ ഷുക്കൂറിന്റെ വീടിന്റെ മതില് ഇടിഞ്ഞു. വീടിനു കേടുപാടുപറ്റി. കരിങ്കുറ്റി-കോട്ടത്തറ റോഡില്‍ വെള്ളം കയറി.
ദേശീയപാത 766ല്‍ മുത്തങ്ങയ്ക്കും പൊന്‍കുഴിക്കും ഇടയില്‍ ചൊവ്വാഴ്ച കയറിയ വെള്ളം ഇന്നലെ പകല്‍ ഇറങ്ങി. മാനന്തവാടി കരിന്തിരിക്കടവില് റോഡില്‍ വെള്ളം കയറി. പുല്‍പ്പള്ളി-മാനന്തവാടി റോഡിലെ ആലൂര്‍ക്കുന്നില്‍ വൈദ്യുത ലൈനിലേക്ക് മരം വീണു. ഇതേത്തുടര്‍ന്നുണ്ടായ ഗതാഗത തടസം അഗ്നി-രക്ഷാസേന മരം മുറിച്ചുനീക്കി ഒഴിവാക്കി. മാനന്തവാടി യവനാര്‍കുളത്ത് കാവുങ്കല്‍ പ്രകാശന്റെ വീടിനോടു ചേര്‍ന്ന് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.
എള്ളുമന്ദം-യവനാര്‍കുളം റോഡില്‍ ചെറിയ ഒരപ്പ് പാലത്തില്‍ വെള്ളം കയറി. എടവക പഞ്ചായത്തിലെ തോണിച്ചാലില്‍ അങ്കണവാടിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കാര്യമ്പാടി ഗവ.എല്‍പി സ്കൂളിനു സമീപം വാക പൊട്ടിവീണു. സ്കൂള്‍ ഗേറ്റും ആര്‍ച്ചും തകര്‍ന്നു. പിടിഎയുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി.
ഇന്നലെ രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ വാളാട് വട്ടോളിയിലാണ് കൂടുതല്‍ മഴ ലഭിച്ചത്-254 എംഎം. കുറുമ്പാലക്കോട്ട-231, ലക്കിടി-227.3, കാപ്പിക്കളം-213, പേരിയ അയനിക്കല്‍-211, തേറ്റമല-211, വാളാംതോട് മട്ടിയലം-188, പുത്തുമല-187.6, എളമ്പിലേരി-181, മക്കിയാട്-179, ബാണാസുര കണ്ട്രോള് ഷാഫ്റ്റ്-178.4, സുഗന്ധഗിരി-176, തവിഞ്ഞാല്‍ എസ്റ്റേറ്റ്-156, അരണമല 152 എംഎം എന്നിങ്ങനെ മെച്ചപ്പെട്ട അളവില്‍ മഴ രേഖപ്പെടുത്തി.
എടവക ചൊവ്വ പള്ളിയറക്കുന്നില് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട രണ്ട് കുടുംബങ്ങളിലെ ഒന്‍പത് പേരെ അഗ്നി-രക്ഷാസേന രക്ഷപ്പെടുത്തി. മാനന്തവാടി ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷന് ഓഫീസര്‍ പി.കെ. ഭരതന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രര്‍ത്തനം.
വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണു
മേപ്പാടി: കനത്ത മഴയിൽ വീടിന് മുകളിലേക്ക് അയൽവാസിയുടെ വീടിന്റെ മതിൽ ഇടിഞ്ഞു വീണു മേപ്പാടി പൂത്തകൊല്ലി അന്പലത്തിന് സമീപം താമസിക്കുന്ന നായര്‍ വീട്ടിൽ അബ്ദുൾ സലാമിന്റെ വീടിന് മുകളിലേക്കാണ് സമീപവാസിയായ ഷുക്കൂറിന്റെ വീടിന്റെ മതിൽകെട്ട് ഇടിഞ്ഞു വീണത്. വീട്ടിലുണ്ടായിരുന്ന അബ്ദുൽ സലാമിന്റ ഭാര്യ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീടിന്റെ ഷീറ്റ് പൊട്ടുകയും വീടിന് കേടുപാട് പറ്റുകയും ചെയ്തിട്ടുണ്ട്.
റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു
യവനാർകുളം: വീടിനോട് ചേർന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. യവനാർകുളം സ്വദേശി കാവുങ്കൽ പ്രകാശന്റെ വീടിന് പിൻഭാഗത്തോട് ചേർന്നുള്ള റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞാണ് വീടിന്റെ ഭിത്തിയിലേക്കും മുറ്റത്തേക്കും പതിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വലിയ രീതിയിൽ മണ്ണ് ഇടിഞ്ഞത്.
മണ്ണും കല്ലും കുന്ന് കൂടി വീടിന്റെ പിൻഭാഗത്ത് ഭിത്തിയിൽ ചേർന്ന് നിൽക്കുകയാണ്. യവനാർകുളം - കുളത്താട റോഡിലും ഒരു ഭാഗത്തായി മണ്ണ് ഇടിഞ്ഞിട്ടുണ്ട്. റോഡിന് വിതികുട്ടുന്നതിന് മണ്ണ് എടുത്ത് ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാത്തതിനെ തുടർന്നാണ് മണ്ണ് ഇടിയുന്നത്.
വെള്ളം കയറി വെണ്ണിയോടും പരിസരങ്ങളും
വെണ്ണിയോട്: കോട്ടത്തറ പഞ്ചായത്തിനെ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി തുടങ്ങി. നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. ഏറ്റവുമധികം വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കോട്ടത്തറ ഗ്രാമ പഞ്ചായത്ത്. കരിങ്കുറ്റി പാലപ്പൊയിൽ ജംങ്ഷൻ, കരിങ്കുറ്റി മണിയങ്കോട് ജംങ്ഷൻ, മാങ്ങോട്ട് കുന്ന്, മെച്ചന കുറുമണി റോഡ്, മൈലാടി പുഴക്കം വയൽ റോഡ്, തുടങ്ങിയ പല സ്ഥലങ്ങളിലും വെള്ളം കയറി കഴിഞ്ഞു.
നിരവധി ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളാണ് ഇവിടം. നിരവധി കർഷകരുടെ ഇഞ്ചി, വാഴ തുടങ്ങിയ പല കൃഷിയിടങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. കോട്ടത്തറ പഞ്ചായത്തിലെ പല ഊടുവഴികളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. പ്രദേശവാസികളെല്ലാം വലിയ ആശങ്കയിലാണ്.
പനമരം മൊട്ടമ്മൽ കോളനി ഒറ്റപ്പെട്ടു
പനമരം: മഴ കനത്തതോടെ പനമരം പഞ്ചയത്തിലെ 19-ാം വാർഡിലെ മൊട്ടമ്മൽ കോളനിക്കാർ ഒറ്റപ്പെട്ടു. മാറാൻ നിർദേശം നൽകിയെങ്കിലും കുറഞ്ഞ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എസ്ടി വിഭാഗത്തിലെ 10 കുടുംബങ്ങളും ജനറൽ വിഭാഗത്തി അഞ്ച് കുടുംബങ്ങളും ഇവിടെ ഒറ്റപ്പെട്ട് കഴിയുകയാണ്. പുതുശേരി ചെറുപുഴയും പനമരം പുഴയും കരകവിഞ്ഞതാണ് വെള്ളം ഉയരാൻ കാരണം. ഇവരെ മാറ്റി പാർപ്പിക്കാനുള്ള ശ്രമം നടത്തുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കണ്ട്രോൾ റൂമുകളിൽ വിവരം അറിയിക്കാം
കൽപ്പറ്റ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ-താലൂക്ക് തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ പ്രവർത്തന സജ്ജമായി. അടിയന്തരഘട്ടങ്ങളിൽ പൊതു ജനങ്ങൾക്ക് ജില്ലാ-താലൂക്ക്തല കണ്ട്രോൾ റൂമുകളിൽ വിവരം അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
കണ്ട്രോൾ റൂം നന്പറുകൾ
ജില്ലാ അടിയന്തര കാര്യനിർഹണന കേന്ദ്രം -1077 (ടോൾ ഫ്രീ), 04936-204151, 9562804151, 8078409770, ബത്തേരി താലൂക്ക് -220296, 223355, 6238461385, മാനന്തവാടി താലൂക്ക് -04935- 240231, 241111, 9446637748, വൈത്തിരി താലൂക്ക് - 8590842965, 9447097705.