സിക്കിൾസെൽ അനീമിയ ദിനാചരണം നടത്തി : ജില്ലയിൽ 1276 രോഗബാധിതർ
1568846
Friday, June 20, 2025 5:31 AM IST
സുൽത്താൻ ബത്തേരി: സിക്കിൾസെൽ അനീമിയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും കുടുംബശ്രീ മിഷനുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അരിവാൾ രോഗികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. ഗോത്ര മേഖലകളിൽ രോഗം വ്യാപകമായി കാണപ്പെടുന്നതിനാൽ സ്ഥിരമായ രോഗബാധ ക്യാമ്പുകളും ജനസമ്പർക്ക പരിപാടികളും നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
ജില്ലയിൽ നിലവിൽ 1276 രോഗബാധിതരുണ്ട്. ഇതിൽ 703 സ്ത്രീകളും 576 പുരുഷന്മാരും ഉൾപ്പെടുന്നു. സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ട്രൈബൽ ജൻഡർ റിസോഴ്സ് സെന്റർ ബത്തേരി താലൂക്കിലെ ഉന്നതികളിൽ നിരവധി പ്രവർത്തനങ്ങൾ രോഗ പ്രതിരോധത്തിനായി നടപ്പാക്കുന്നുണ്ട്.
പരിപാടിയിൽ വിവിധ വകുപ്പുകളുടെ യോജിച്ച പ്രവർത്തനം അരിവാൾ രോഗത്തെ പ്രതിരോധിക്കാൻ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് കുടുംബശ്രീ ഡിപിഎം ആശ പോൾ വിശദീകരിച്ചു. ദുരിതത്തിലായ സ്ത്രീകൾക്കും കുട്ടികൾക്കും സഹായവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ റിസോഴ്സ് സെന്ററുകളിലൂടെ അരിവാൾ രോഗം മൂലം മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് മുതലായ സേവനങ്ങൾ ലഭ്യമാക്കും. കുടുംബശ്രീയുടെ എഫ്എൻഎച്ച്ഡബ്ല്യു സംവിധാനം ഉപയോഗപ്പെടുത്തി ഉന്നതികളിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെയുള്ള സംയോജിത പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
പരിപാടിയിൽ സുൽത്താൻ ബത്തേരി താലൂക്കിലെ 300 അരിവാൾ രോഗികൾ പങ്കെടുത്തു. സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ എം. മജീദ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രസിഡന്റ് സി. അസൈനാർ, ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ, ജില്ലാ സിക്കിൾ സെൽ കോഓർഡിനേറ്റർ ഡോ. ഷിജി, സോഷ്യൽ വർക്കർ ദിൽ സെബാസ്റ്റ്യൻ, ട്രൈബൽ ജിആർസി കൗൺസിലർ കെ.പി. ബബിത, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിവർ പങ്കെടുത്തു.
മാനന്തവാടി: ആരോഗ്യവകുപ്പ് ആരോഗ്യ കേരളം, പട്ടികവര്‍ഗ വികസനവകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലോക സിക്കിസെൽ അനീമിയ ദിനാചരണം ജില്ലാതല ഉദ്ഘാടനവും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.
"അറിയാം അകറ്റാം അരിവാള്‍ കോശ രോഗം' എന്ന സന്ദേശവുമായി 30 വരെ നടക്കുന്ന അവബോധ കാമ്പയിന് മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ കാസിമി അധ്യക്ഷത വഹിച്ചു.