ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
1568853
Friday, June 20, 2025 5:31 AM IST
പുൽപ്പള്ളി: പുൽപ്പള്ളി ക്ഷീര സഹകരണ സംഘത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും നേതൃത്വത്തിൽ ആനപ്പാറ ചില്ലിംഗ് പ്ലാന്റിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി. എല്ലാ വർഷവും സംഘത്തിന്റെ പ്രവർത്തന പരിധിയിൽ ഇത്തരത്തിൽ പത്തു മുതൽ മുപ്പത് വരെ കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ബോധവത്കരണ പരിപാടിയായും മിൽമയുടെയും ക്ഷീര വികസന വകുപ്പിന്റെയും നൂതന പദ്ധതികൾ വിശദീകരിച്ചുമാണ് സമ്പർക്ക പരിപാടി. കർഷകർക്ക് അവരുടെ പരാതികളും നിർദേശങ്ങളും അവതരിപ്പിക്കാനും ഈ അവസരം പ്രയോജനപ്പെടും.
പാൽ വില പൂർണമായും ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുന്നത് കാരണം കർഷകരും സൊസൈറ്റിയും തമ്മിലുള്ള കൂടിക്കാഴ്ച്ച കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്തരം കോർണർ യോഗങ്ങൾ നല്ലതാണെന്ന് കർഷകരും പറയുന്നു. ഒരേ വേദിയിൽ മൃഗ സംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും മിൽമയുടെയും കേരള ഫീഡ്സ് പോലുള്ള പൊതു മേഖല സ്ഥാപനങ്ങളെയും യോജിപ്പിച്ചാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
സംഘത്തിൽ നടന്ന പരിപാടി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർ യു. എൻ. കുശൻ അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പ് പനമരം ഓഫീസിലെ ഡയറി ഫാം ഇൻസ്ട്രക്ടർ നവീൻ രാജ്, പുൽപ്പള്ളി മൃഗാശുപതിയിലെ സീനിയർ സർജൻ ഡോ. കെ.എസ്. പ്രേമൻ, കേരള ഫീഡ്സ് ഡോ. അനുരാജ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. സെക്രട്ടറി എം. ആർ. ലതിക, ഡയറക്ടർ റീനാ സണ്ണി എന്നിവർ പ്രസംഗിച്ചു.