ആനപ്പേടിയിൽ എടപ്പുഴ വാളത്തോട് പ്രദേശങ്ങൾ
1425471
Tuesday, May 28, 2024 2:20 AM IST
ഇരിട്ടി: അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ ജനവാസ മേഖലയായ എടപ്പുഴ വാളത്തോട് മേഖലകളിൽ ശനിയാഴ്ചയും ഇന്നലെ രാത്രിയിലും ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് ഇമ്മാനുവൽ മങ്കംതാനത്തിന്റെ കൃഷിയിടത്തിലും ആറളം പഞ്ചായത്തിലെ എടപ്പുഴ കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിലുമാണ് ആനക്കൂട്ടം കൃഷി നശിപ്പിച്ചത്.
ശനിയാഴ്ച രാത്രിയിൽ എടപ്പുഴ കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിൽ എത്തിയ ആനക്കൂട്ടം 50 ഓളം വാഴകളും റബർ മെഷീൻപുരയും നശിപ്പിച്ചു. അയ്യൻകുന്ന് വനമേഖലയിൽനിന്നും ഇറങ്ങിയ ആനക്കൂട്ടമാണ് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എടപ്പുഴ വാളത്തോട് റോഡ് മുറിച്ചുകടന്ന് കാപ്പുങ്കൽ സേവ്യറിന്റെ പുരയിടത്തിൽ എത്തിയത്.
ആറളം ഫാമിൽനിന്നും തുരത്തിയ ആനകളാണെന്ന് സംശയം
എടപ്പുഴ വാളത്തോട് പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായി കൃഷികൾ നശിപ്പിക്കുന്ന ആനകൾ ആറളം ഫാം മേഖലയിൽനിന്നും വനത്തിലേക്ക് തുരത്തിയ ആനകളാണെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. എടപ്പുഴ പള്ളിക്ക് സമീപം 200 മീറ്റർ ദൂരത്തിൽ ജനവാസമേഖലയിലാണ് കാപ്പുങ്കൽ സേവ്യറിന്റെ കൃഷിയിടത്തിൽ ആനക്കൂട്ടം നാശം വിതച്ചത് . വാഴകൾ നശിപ്പിച്ച ആനകൾ സമീപത്തെ റബർ മെഷീൻ പുരയും ബക്കറ്റുകളും നശിപ്പിച്ചു. ഇതിന് സമീപത്തായി സേവ്യറിന്റെ തന്നെ 500 ഓളം കുലച്ച നേന്ത്രവാഴ തോട്ടത്തിൽ ആന പ്രവേശിക്കാതിരുന്നത് വലിയ നാശനഷ്ടം ഒഴിവായി. വാഴത്തോട്ടത്തിന് സമീപത്തായി പോത്തുകളെ കെട്ടിയിരുന്നതുകൊണ്ടാകാം ആന വാഴത്തോട്ടത്തിൽ പ്രവേശിക്കാതിരുന്നതെന്നും സംശയിക്കുന്നു .
വാളത്തോടിൽ വീടിന് സമീപത്തും ആനയെത്തി
ശനിയാഴ്ച എടപ്പുഴയിൽ ഇറങ്ങി നാശം വിതച്ച ആനക്കൂട്ടം ഇന്നലെ രാത്രി വാളത്തോട് ഇമ്മാനുവൽ മങ്കംതാനത്തിന്റെ വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന 75 ഓളം ചുവട് മുള വന്നു തുടങ്ങിയ കപ്പ ചവിട്ടി നശിപ്പിച്ചു . രാത്രി പത്തിനായിരുന്നു സംഭവം. കുട്ടിയും വലുതുമടങ്ങുന്ന വലിയൊരു കൂട്ടം ആനകളാണ് ഇവിടെ ഇറങ്ങിയതിത്. പ്ലാവിൽനിന്നും ചക്ക പറിക്കാൻ ശ്രമിച്ചെങ്കിലും ഉയരത്തിലായതുകൊണ്ട് കഴിഞ്ഞില്ല.
വീടിന് സമീപത്തെ മാവിന്റെ ശിഖരം ഒടിച്ച ആനക്കൂട്ടം കൃഷിയിടം മുഴുവൻ ചവിട്ടി നശിപ്പിക്കുക ആയിരുന്നു.
വനപാലകർ പരിശോധന നടത്തി
കാട്ടാനകൾ കൃഷി നശിപ്പിച്ച പ്രദേശങ്ങൾ വനപാലകർ പരിശോധന നടത്തി. പ്ലാവുകളിലെ ചക്കകൾ പറിച്ചുമാറ്റി വീടിന് വെളിയിൽ ലൈറ്റുകൾ സ്ഥാപിക്കാനും വീട്ടുകാർക്ക് അധികൃതർ നിർദേശം നൽകി. രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ വെളിയിൽ ഇറങ്ങുന്നതടക്കം ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. കൃഷിനാശം കണക്കാക്കി അക്ഷയ വഴി അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകി. രണ്ടു ദിവസമായി തുടർച്ചയായി ആന ഈ പ്രദേശങ്ങളിൽ എത്തുന്നതുകൊണ്ട് രാത്രിയിൽ പട്രോളിംഗ് നടത്തുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ. ജിജിലിന്റെ നിർദേശപ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. സിജേഷ്, കെ. രാഹുൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.